കൊച്ചി: ബലാത്സംഗ കേസിൽ സുപ്രീം കോടതി താത്ക്കാലിക ജാമ്യം അനുവദിച്ചിട്ടും ഇരുട്ടിൽ നിന്ന് പുറത്തുവരാതെ നടൻ സിദ്ദിഖ്. ഈ സാഹചര്യത്തിൽ സിദ്ദിഖിന്റെ കാര്യത്തിൽ അടുത്ത നീക്കം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേരും.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനു പിന്നാലെ ഒളിവിൽ പോയ സിദ്ദിഖ് ഇപ്പോഴും പുറത്തുവന്നിട്ടില്ല. സുപ്രീം കോടതിയിൽനിന്ന് ആശ്വാസ വിധി നേടുന്നതിനു മുമ്പ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ആരോപണങ്ങളുയർന്നിരുന്നു.
നിലവിലെ സാഹചര്യത്തിൽ സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായേക്കില്ല.പ്രത്യേകിച്ചും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ. അതിനാൽ അന്വേഷണ സംഘം നോട്ടിസ് നൽകി ഹാജരാകാൻ ആവശ്യപ്പെട്ടാൽ അപ്രകാരം ചെയ്യാനാണ് സിദ്ദിഖിന്റെ ആലോചനയെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകൾ സെഷൻസ് കോടതിക്ക് തീരുമാനിക്കാം.
ഈ സാഹചര്യത്തിലാണ്സിദ്ദിഖിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേർക്കുന്നത്. എസ്ഐടിക്ക് ലഭിക്കുന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക. ഈ മാസം 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ താത്കാലിക മുൻകൂർ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിക്കണമെങ്കിൽ, എങ്ങനെയൊക്കെ ശ്രമിക്കണമെന്നൊരു വ്യക്തത വരുത്താനും ഇന്നത്തെ യോഗം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.