കൊച്ചി: നടിയുടെ പീഡന ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിൽ പറയുന്നത്. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു യുവനടി രേവതി സമ്പത്ത് ഇന്നലെ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അന്ന് തനിക്ക് 21 വയസായിരുന്നു. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. ദ്വയാർഥം നിറഞ്ഞ സംഭാഷണവും അയാളുടെ ഭാഗത്തുനിന്നുണ്ടായി. പിന്നീട് മുറിയിൽ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’– നടി പറഞ്ഞു.
2019 ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തുകയാണുണ്ടായത്. പിന്നീട് നീ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.