ധാക്ക: 1971 ൽ രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാർഥി-ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് രാജ്യം വിടേണ്ടിവന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നതിന് തൊട്ടു മുൻപും അധികാരത്തിൽ തുടരാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ രാജ്യംവിടാൻ ഷെയ്ഖ് ഹസീനയ്യ്ക്ക് നിർദേശം നൽകിയിരുന്നെങ്കിലും യാഥൊരു വിധത്തിലും വഴങ്ങാതിരുന്ന ഹസീന ഒടുവിൽ മകൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ അനുനയത്തിലാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ബിബിസി റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ വിളിച്ചുചേർത്ത സൈനിക മേധാവികളും മറ്റു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ ഹസീനയുടെ രാജിക്ക് സമ്മർദ്ദമുണ്ടായിരുന്നു. അന്നേ ദിവസമുണ്ടായ പ്രക്ഷോപത്തിൽ മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഏറെപ്പേരും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണു കൊല്ലപ്പെട്ടത്. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പോലീസുകാരും കൊല്ലപ്പെട്ടു. തുടർന്നാണ് ഹസീന രാജ്യം വിട്ടത്. ഇവർ രാജ്യംവിട്ട് മണിക്കൂറുകൾ തികയുംമുമ്പ് അവരുടെ വസതി പ്രക്ഷോഭകർ കൈയേറുകയും ചെയ്തിരുന്നു.
സർക്കാർ സർവീസിലെ സംവരണത്തിനെതിരേ ജൂലായിൽ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം കലാപത്തിലേക്ക് വഴിമാറിയതോടെ തിങ്കളാഴ്ച ഷെയ്ഖ് ഹസീന രാജിവെക്കുകയും സഹോദരിക്കൊപ്പം ഇന്ത്യയിൽ താത്കാലിക അഭയം തേടുകയും ചെയ്തു. എന്നാൽ നിലവിലെ അവസ്ഥ തനിക്കനികൂലമല്ലെന്നു മനസ്സിലാക്കിയ ഹസീന രാജ്യംവിടാനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ ബലപ്രയോഗത്തിലൂടെ അവസാനനിമിഷവും അധികാരത്തിൽ തുടരാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പക്ഷെ കാര്യങ്ങൾ നിയന്ത്രണാതീതമാണെന്ന് മനസിലാക്കിയ സൈനിക നേതൃത്വം ഹസീനയുടെ തീരുമാനത്തിനൊപ്പം നിൽക്കാതെ വന്നതോടെയാണ് ഇവർ ഇന്ത്യയിൽ അഭയം തേടിയത്. സാധാരണക്കാർക്ക് നേരെ വെടിയുതിർക്കാൻ സൈനികർക്ക് കഴിയില്ലെന്ന് യോഗത്തിൽ സൈനിക ഉന്നതർ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രക്ഷോഭകരെ നേരിടുന്നതിനുള്ള പരിമിതിയും പോലീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എന്നാൽ ഹസീന അതിന് മുഖംകൊടുത്തില്ല.
സുരക്ഷാസമിതി യോഗത്തിന് ശേഷം ഹസീനയുടെ പ്രസ് സെക്രട്ടറി നടത്തിയ പ്രകോപനപരമായ പ്രസ്താവന രംഗം കൂടുതൽ വഷളാക്കുകയും ചെയ്തു. പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് വിളിച്ച അദ്ദേഹം ജനങ്ങളോട് പ്രതിഷേധത്തെ ചെറുക്കാൻ ആഹ്വാനം നൽകുകയും ചെയ്തു.
ഇതിനിടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ യുവജന പ്രവർത്തകരും പോലീസും ചേർന്ന് സമരക്കാരെ നേരിടുന്നതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനിടെ ധാക്കയിലേക്ക് ബഹുജന മാർച്ചിനുള്ള ആഹ്വാനവുമായി വിദ്യാർഥി നേതാക്കൾ മുന്നോട്ടു വന്നതോടുകൂടി രാജ്യം ആഭ്യന്തര കലാപത്തിലേക്ക് നീങ്ങുന്നതായും ഇത് അപകടകരമാണെന്നും രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതോടെ സൈനിക മേധാവി വഖാർ ഉസ് സമാൻ പ്രധാനമന്ത്രി കണ്ട് വീണ്ടും സംസാരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഷെയ്ഖ് ഹസീന അവരുടെ ഉപദേശം സ്വീകരിച്ചില്ല. തുടർന്ന് കുടുംബാംഗങ്ങളോട് ഇടപെടാൻ സൈനിക മേധാവി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബന്ധുക്കളുടെ വാക്ക് ഇവർ അനുസരിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ വിദേശത്തുള്ള ഹസീനയുടെ മക്കളായ സജീബുമായും സൈമയുമായും ഫോണിൽ ബന്ധപ്പെട്ടു. ഇതോടെയാണ് ഹസീന അനുനയത്തിന്റെ പാതയിലെത്തിയതെന്നും റിപ്പോർട്ടുകൾ.