തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാരംഗത്ത് സ്ത്രീകൾ നേരിടേണ്ടി വന്ന ലൈംഗികപീഡന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കും. നാല് ഉന്നത വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് സംഘം. എന്നാൽ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പ്രത്യേക അന്വേഷണസംഘം പരിശോധിക്കില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ദിഖ് തുടങ്ങിയവർക്കുനേരേ ഉയർന്ന ആരോപണങ്ങളിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടോടെ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ പ്രഖ്യാപനവും വന്നു.
അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി. അജിത്ത് ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്
അന്വേഷണത്തിന്റെ ഭാഗമായി നടിമാരുടെ വെളിപ്പെടുത്തലുകൾ പരിശോധിക്കും. കൂടാതെ ആരോപണമുന്നയിച്ചവരുടെ മൊഴിയെടുക്കാനും സംഘത്തിന് നിർദേശം ലഭിച്ചിട്ടുണ്ട്. കൂടാതെ ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചുനിന്നാൽ കേസെടുത്ത് തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ തന്നെ സർക്കാർ വിദഗ്ദരുടെ നിയമ ഉപദേശം തേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്.