ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ച് കർണാടക സർക്കാർ. പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഓഗസ്റ്റ് 16 ന് നിർത്തിവെച്ചതായാണ് സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുന്നത്. സാഹചര്യം അനുകൂലമായാൽ തിരച്ചിൽ തുടരാൻ തയാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
നിലവിൽ തിരച്ചിലിനുള്ള തടസങ്ങൾ എന്തൊക്കെയെന്ന് കോടതി ചോദിച്ചു. എന്നാൽ എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതി വിവര റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. സർക്കാർ റിപ്പോർട്ടിൽ എതിർവാദമുണ്ടെങ്കിൽ സമർപ്പിക്കാൻ അർജുൻറെ കുടുംബത്തിന് കോടതി അനുമതി നൽകി.
ദുരന്തത്തിനിരയായവരുടെ പുന:രധിവാസം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 18ന് കർണാടക ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.