പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം സർക്കാർ പുന:പരിശോധക്കണം, ആവശ്യമെങ്കിൽ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. അതല്ലെങ്കിൽ ഇക്കാര്യങ്ങൾ മുൻനിർത്തി ബിജെപിയടക്കമുള്ള പാർട്ടികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ കാര്യത്തിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം വിശ്വാസികൾക്കിടയിൽ എതിർപ്പുണ്ടാക്കുന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
അല്ലെങ്കിൽ ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സരമങ്ങൾക്കും കോലാഹലങ്ങൾക്കും സമാനമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും സിപിഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കിൽ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. വെർച്വൽ ക്യൂ മാത്രമായി ശബരിമല തീർഥാടനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനല്ല ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയെ തകർക്കാൻ ശ്രമിച്ചപ്പോൾ പരാജയപ്പെടുത്തിയവരാണ് ബിജെപി. ഒരു ഭക്തരേയും സർക്കാരിന് തടയാൻ കഴിയില്ല. വെർച്വൽ ക്യൂ ഇല്ലാതെ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങൾ ശബരിമലയിൽ എത്തിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ സ്പോർട്ട് ബുക്കിങ്ങ് 5000 ആയി പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് മണ്ഡലക്കാലത്തോടനുസരിച്ച് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.