തിരുവനന്തപുരം: തൃശൂർ പൂര വിവാദത്തിൽ അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെ ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവ അവലോകന യോഗത്തിൽ പങ്കെടുപ്പിച്ചില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത് കുമാറാണ് നിലവിൽ ശബരിമല കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നത്.
എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദർവേസ് സാഹിബാണ് യോഗത്തിൽ പോലീസിൻറെ കാര്യങ്ങൾ വിശദീകരിച്ചത്. ഇന്നത്തെ ചർച്ചയിൽ അജിത് കുമാർ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നാണ് സൂചന. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്നോ, നാളെയോ മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് എത്താനിരിക്കെയാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ്ഇദ്ദേഹത്തെ യോഗത്തിൽ നിന്ന് മാറ്റിനിർത്തിയതെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.