തിരുവനന്തപുരം: ശനിയാഴ്ച രാവിലെ മുതൽ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടിരുന്ന മന്ത്രിയും ഒടുവിൽ നിലപാട് മാറ്റി. ആരെങ്കിലും ആരോപണവുമായി വന്നാല്‍ നടപടിയെടുക്കാനാകില്ലെന്നും നടി രേഖാമൂലം പരാതി നല്കിയാല് മാത്രമേ നടപടി എടുക്കാന്‍ കഴിയുകയുള്ളുവെന്നും ചൂണ്ടിക്കാട്ടി രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി സജി ചെറിയാൻ സ്വന്തം തട്ടകത്തിൽ നിന്നു തന്നെ പ്രതിഷേധ സ്വരമുയർന്നതോടെ നിലപാട് മാറ്റാൻ നിർബന്ധിതനായി.
രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലേഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്കാന് കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി വൈകിട്ടു പറഞ്ഞു. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണ വിധേയന് കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജിവച്ചേക്കുമെന്ന് സൂചന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് രാജിക്കായുള്ള ആവശ്യമുയർന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന് രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
രാവിലെ മന്ത്രി വ്യക്തമാക്കിയ നിലപാടില്‍ കടുത്ത വിമര്‍ശനങ്ങളാണ് വിവിധയിടങ്ങളിൽനിന്ന് ഉയര്‍ന്നത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവശ്യപ്പെട്ടു. സജി ചെറിയാന് മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന് വിമര്‍ശിച്ചു. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. രഞ്ജിത്തിൻ്റെ രാജി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സജി ചെറിയാന്റെ കോലവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധവും സംഘടിപ്പിച്ചു.
അതേസമയം നടിയുടെ ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റെ നിലപാടിനെ തള്ളി വനിതാ കമ്മീഷൻ രംഗത്തുവന്നു. വിവരം അറിഞ്ഞാൽ അന്വേഷണം നടത്താമെന്ന് അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച് അന്വേഷണം നടത്താമെന്നും അവർ സതീദേവി പറഞ്ഞു.