മലപ്പുറം: മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുൻപിൽ തന്നെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തിലെ കവർ ഫോട്ടോയിൽ നിന്ന് ഒഴിവാക്കി പിവി അൻവർ എംഎൽഎ. പകരം ജനങ്ങൾക്കൊപ്പമുള്ള ചിത്രം കവർഫോട്ടോയാക്കുകയും ചെയ്തു. മുൻപ് മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് സമൂഹമാധ്യമത്തിലെ കവർചിത്രമായി ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തരായ എഡിജിപി എം.ആർ. അജിത് കുമാറിനേയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ രൂക്ഷ ആരോപണങ്ങളുന്നയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പരസ്യമായി തന്നെ അൻവർ എംഎൽഎയെ തള്ളിപ്പറഞ്ഞിരുന്നു. അൻവർ എംഎൽഎ ഇടതു പക്ഷ ബാക്ഗ്രൗണ്ട് ഇല്ലയെന്നായിരുന്നു മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. കൂടാതെ പി. ശശിക്കെതിരായ ആരോപണങ്ങളിൽ പിണറായി പി. ശശിക്ക് മാധ്യമങ്ങൾക്കു മുന്നിൽ ക്ലീൻചിറ്റ് നൽകുകയും ചെയ്തു. പി. ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണു ശശി നടത്തുന്നതെന്നാണു വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കൂടാതെ അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും പറഞ്ഞു. മാത്രമല്ല, നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ അൻവറിനെതിരെയും അന്വേഷണമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിച്ചിരുന്നു. പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെയും പാർട്ടിക്കുള്ളിൽ തന്നെയുള്ളവർക്കെതിരെയും ഉള്ള ആരോപണങ്ങൾ, പാർട്ടിക്കുള്ളിലോ തന്റെ മുന്നിലോ അവതരിപ്പിക്കാതെ ആരോപണങ്ങളുമായി അൻവർ നേരിട്ടു മാധ്യമങ്ങളെ കണ്ടതിൽ കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പുറക്കി. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സിപിഎമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു സിപിഎം കുറ്റപ്പെടുത്തി. ഇതോടെ, പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പരസ്യപ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ പി.വി. അൻവർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കവർഫോട്ടോയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് പുതിയ കവർഫോട്ടൊ സമൂഹമാധ്യമത്തിലിട്ടത്.
പിവി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്,
ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോട്,
പൊതുസമൂഹത്തിനോട്,
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളിൽ ഇടപെട്ടിരുന്നത്.എന്നാൽ, ഇത് സാധാരണക്കാരായ പാർട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവർത്തനമാണ്. പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല.
വിഷയങ്ങൾ സംബന്ധിച്ച് സർക്കാരിന് നൽകിയ പരാതിയിന്മേൽ സർക്കാർ പല അടിയന്തര നടപടികളും സ്വീകരിച്ചതിൽ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്. എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് അന്നും, ഇന്നും വിയോജിപ്പുണ്ട്. അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.
ഈ നാട്ടിലെ സഖാക്കളെയും, പൊതുജനങ്ങളെയും ബാധിക്കുന്ന ഒരു ഗൗരവതരമായ വിഷയം എന്ന നിലയിലാണ് ഈ വിഷയത്തെ സമീപിച്ചത്.ഇക്കാര്യത്തിനായി ആരും നടക്കാത്ത വഴികളിലൂടെയൊക്കെ നടക്കേണ്ടി വന്നിട്ടുണ്ട്. അത് എന്റെ പ്രിയപ്പെട്ട പാർട്ടി സഖാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്ന ബോധ്യമെനിക്കുണ്ട്. മറ്റ് വഴികൾ എനിക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. അക്കാര്യത്തിൽ നിങ്ങൾ ഓരോരുത്തവരോടും ക്ഷമ ചോദിക്കുന്നു.
“വിഷയങ്ങൾ സംബന്ധിച്ച് വിശദമായി എഴുതി നൽകിയാൽ അവ പരിശോധിക്കും” എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചിരുന്നു. വിശദമായ പരാതി അദ്ദേഹത്തിന് എഴുതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സമയബന്ധിതമായി വേണ്ട പരിശോധനകൾ ഉണ്ടാകുമെന്ന് അദ്ദേഹം “ഇന്നും” വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ആർ.എസ്.എസ് സന്ദർശനത്തിൽ തുടങ്ങി, തൃശ്ശൂർപൂരം മുതൽ വർഗ്ഗീയത പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്സിനെ സഹായിച്ചത് വരെയും, സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള മറ്റനേകം ഗുരുതരമായ വിഷയങ്ങളുമാണ് ഞാൻ ഉയർത്തിയത്. ഇക്കാര്യത്തിൽ “ചാപ്പയടിക്കും, മുൻ വിധികൾക്കും”(എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം) അതീതമായി നീതിപൂർവ്വമായ പരിശോധനയും നടപടിയും ഈ പാർട്ടി സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഈ നാട്ടിലെ മതേതരത്വം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ എക്കാലത്തേയും വലിയ ആശ്രയമാണ് ഇടതുപക്ഷം. ഈ ചേരിക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടിയോട് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. നൽകിയ പരാതി,
പാർട്ടി വേണ്ട രീതിയിൽ പരിഗണിക്കുമെന്നും, ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
പി.വി. അൻവർ ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നതും നോക്കി നിൽക്കുന്ന മറ്റുള്ളവരും ചില മാധ്യമങ്ങളും ഇക്കാര്യത്തിൽ നിരാശരായേ മതിയാവൂ. ഈ പാർട്ടിയും വേറെയാണ്, ആളും വേറേയാണ്. ഞാൻ നൽകിയ പരാതികൾക്ക് പരിഹാരമുണ്ടാവുമെന്ന ബോധ്യം ഇന്നെനിക്കുണ്ട്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ,ഒരു എളിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകൻ എന്ന നിലയിൽ എന്റെ പാർട്ടി നൽകിയ നിർദ്ദേശം ശിരസ്സാൽ വഹിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.
“ഈ വിഷയത്തിൽ പരസ്യ പ്രസ്താവന ഈ നിമിഷം മുതൽ ഞാൻ താത്ക്കാലികമായി അവസാനിപ്പിക്കുകയാണ്”.എന്റെ പാർട്ടിയിൽ എനിക്ക് പൂർണ്ണവിശ്വാസമുണ്ട്.
നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ട്.
പാർട്ടിയാണ് എല്ലാത്തിനും മുകളിൽ.
സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറ.
സഖാക്കളേ നാം മുന്നോട്ട്..