മലപ്പുറം: നിലമ്പൂർ താൻ വിളിച്ചുചേർത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്തവരെ വർഗീയവാദികളാക്കുന്ന ഫാസിസ്റ്റ് നിലപാടിലാണ് സിപിഎം നേതൃത്വമെങ്കിൽ അത് അവർക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് പി.വി. അൻവർ എംഎൽഎ.നിലമ്പൂരിലെ യോഗത്തിനെത്തിയവർ ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും കോൺഗ്രസിന്റേയും കൂട്ടുമുന്നണിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു പി.വി. അൻവർ. തന്റെ യോഗത്തിൽ പങ്കെടുത്തവർ ജനാധിപത്യ വിശ്വാസികളാണെന്നും എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമെല്ലാം ഇത്രയും ശക്തിയുണ്ടെന്ന് സിപിഎം അംഗീകരിച്ചോയെന്നും അൻവർ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയ കാരണം മുസ്ലീം പ്രീണനമാണെന്ന വാദം വിഡ്ഢിത്തമാണ്. ആയിരക്കണക്കിനാളുകളാണല്ലോ നിലമ്പൂരിലെ പരിപാടിക്ക് വന്നത്. മലപ്പുറത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അത്ര വലിയ ശക്തികളാണോ? അവരത് പറഞ്ഞുകൊണ്ടേയിരിക്കണം. കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ ഉറക്കം നടിക്കുന്നതുകൊണ്ടോ താൻ പൊതു സമൂഹത്തിനു മുന്നിൽ ഉന്നയിച്ച വിഷയങ്ങളിൽനിന്ന് മുഖ്യമന്ത്രിക്കോ എഡിജിപിക്കോ രക്ഷപ്പെടാൻ കഴിയില്ല. കേരളത്തിൽ ജനങ്ങൾ അത് കൃത്യമായി മനസിലാക്കുന്നുണ്ട്. അവർക്കറിയാം ഇപ്പോൾ കേരളത്തിൽ എന്തു നടക്കുന്നുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു.
ആരു പറഞ്ഞാലും മാറാൻ കഴിയുന്നൊരവസ്ഥയിലല്ല മുഖ്യമന്ത്രി പിണറായി വിജയിപ്പോൾ. അദ്ദേഹത്തിന്റെ അവസ്ഥയിപ്പോൾ അങ്ങനെയാണ് പാലോളി മുഹമ്മദ് കുട്ടിയേക്കുറിച്ച് കേരളത്തിലെ എല്ലാവർക്കും അറിയാം. സംശുദ്ധ ജീവിതത്തിന്റെ ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തെ കൊണ്ട് സിപിഎം പറഞ്ഞ് പറയിപ്പിക്കുകയാണ് തനിക്കെതിരെ. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അൻവർ പറഞ്ഞു.
സ്വർണക്കടത്തിനെ കുറിച്ചും അൻവർ കൂടുതൽ വ്യക്തത വരുത്തി. 1500 റിയാലോ, രണ്ടായിരം റിയാലോ വാങ്ങി വിദേശത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് എങ്ങനെ കിലോ കണക്കിന് സ്വർണവുമായി ഇങ്ങോട്ട് വരാൻ പറ്റുമെന്നും അൻവർ ചോദിച്ചു. അപ്പോൾ ഇതിനുപിന്നിൽ ഒരു വലിയ സംഘം പ്രവർത്തിക്കുന്നില്ലേ? ഇതൊക്കെ മനസിലാക്കാൻ സാമാന്യബുദ്ധി മതി. എന്താണ് കേന്ദ്ര ഏജൻസികളൊന്നും വരാത്തതെന്ന് അന്വേഷിക്കാനുള്ള ബാധ്യത അവർക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“നിലവിലെ ഉന്നം അൻവറും മലപ്പുറവുമാണ്. കാരണം മലപ്പുറത്താണല്ലോ അൻവറും. മലപ്പുറത്തിന്റെ പുത്രനാണ് അൻവറെന്നാണ് മുഖ്യമന്ത്രി പറഞ്ഞുവരുന്നത്. ഞാൻ മലപ്പുറത്തിന്റെയല്ല, ഭാരതത്തിന്റെ പുത്രനാണ്. രാജ്യത്തിന്റെ ദേശീയതയിൽ അലിഞ്ഞുചേർന്ന ചരിത്രമുള്ള കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ഞാനൊരു ഭാരതീയനാണെന്നതിൽ ഒരു തർക്കവുമില്ല. തേച്ചുമായ്ച്ചുകളയാൻ ശ്രമിച്ചാൽ നടക്കാൻപോകുന്ന കാര്യവുമല്ല. നമ്മൾ കൊടുക്കുന്ന ഹർജി നോക്കിയിട്ട് ഹൈക്കോടതിക്ക് അതിൽ തീരുമാനമെടുക്കാം. ഹൈക്കോടതി തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങൾ നീങ്ങും. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഇപ്പോൾ നടക്കുന്നതുകൊണ്ട് അതുകഴിയട്ടെയെന്ന് ഒരുപക്ഷേ കോടതി പറയും. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുന്നുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.