മലപ്പുറം: പിവി അൻവർ എംഎൽഎയുടെ പുതിയ പാർട്ടി ഇനി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായിട്ടായിരിക്കും കേരളത്തിൽ അൻവറിന്റെ പാർട്ടി പ്രവർത്തിക്കുക. ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
ശനിയാഴ്ച രാവിലെ മുതൽ പിവി അൻവർ എംഎൽഎ ഡിഎംകെയിലേക്കെന്ന സൂചനകൾ പുറത്തുവന്നിരുന്നു. കൂടാതെ അൻവർ ചെന്നെെയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ശനിയാഴ്ച പുലർച്ചെയാണ് പിവി അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്.
പുതിയ പാർട്ടി രൂപവത്കരിച്ച് ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
എന്നാൽ എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സിപിഎമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന പാർട്ടിയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ സിപിഎമ്മിൽ നിന്നു പുറത്തുവന്ന അൻവറിന്റെ ഡിഎംകെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തിലേക്കു കടക്കാനുള്ള വാതിൽ തേടിനടന്ന ഡിഎംകെയ്ക്ക് അൻവറിലൂടെ ഒരു സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്.