കോഴിക്കോട്: അർജുന്റെ കുടുംബത്തെ ആരും ടാർഗറ്റ് ചെയ്യരുതെന്ന് ലോറി ഉടമ മനാഫ്. അർജുനെന്ന വ്യക്തിയെ ആരും മറന്നുപോകാതിരിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അങ്ങനെ അർജുനെ കണ്ടെത്തണമെന്ന ആവശ്യം നിരന്തരം ഓർമിപ്പിച്ചതുകൊണ്ടാണ് തിരച്ചിൽ മൂന്നാം ഘട്ടംവരെ എത്തിയതെന്നും മനാഫ്. മറക്കാൻ ഏറെ എളുപ്പമാണെന്നും താൻ ആളുകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയായിരുന്നുവെന്നും അതിനുള്ള മാധ്യമം മാത്രമായിരുന്നു യൂട്യൂബ് ചാനലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണെന്നും വിവാദങ്ങൾ ഇന്നത്തോടെ അവസാനിപ്പിക്കണം. അർജുന്റെ കുടുംബത്തിന് എന്തെങ്കിലും മോശമായി തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് ആവശ്യപ്പെട്ടു
യൂട്യൂബ് അക്കൗണ്ടിന്റെ പേര് ‘ലോറി ഉടമ മനാഫ്’ എന്ന് നൽകിയതും അർജുനെയും തന്നെയും തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ചാനലിൽ നിന്ന് അർജുന്റെ ഫോട്ടോ നീക്കംചെയ്തു. മാത്രമല്ല ലോറിക്കു അർജുന്റെ പേര് നൽകില്ലെന്നും മനാഫ്. നിസാര പ്രശ്നങ്ങൾ വിവാദമാക്കി ഇതുവരെ പ്രവർത്തിയുടെ മഹിമ നശിപ്പിക്കരുത്. എല്ലാ കാര്യങ്ങളും എപ്പോഴും വിശദീകരിക്കാൻ പറ്റില്ല. അർജുനെ കണ്ടെത്തുന്ന കാര്യത്തിൽ താനും മാൽപേയും നാടകം കളിച്ചോയെന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 72 ദിവസം 72 വർഷത്തെ പ്രയത്നത്തിന് സമാനമായിരുന്നു. ആ സമയത്ത് ആരാണെങ്കിലും വൈകാരികമായി പെരുമാറും. അത് ചിലർക്ക് നാടകമായി തോന്നും. അതിലൊന്നും കാര്യമില്ല. പലരും പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ല. തനിക്കെതിരെ നിയമനടപടികൾ എന്തുവേണമെങ്കിലും സ്വീകരിക്കാം. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ പരിശോധിക്കട്ടെ, എന്നിട്ട് ശരിയേതെന്നു ബോധ്യപ്പെടട്ടേയെന്നും മനാഫ്.
അർജുൻ ഓടിച്ച വാഹനത്തിന്റെ ആർസി ഓണർ തന്റെ അനിയർ മുബിനാണ്. എന്നാൽ കണക്കും കാര്യങ്ങളും നോക്കുന്നത് താനാണ്. തങ്ങളുടെയൊരു കൂട്ടുകുടുംബമാണ്. ഓരോരുത്തർക്കും അവരവരുടെ ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരം ആരോപണങ്ങൾ നടത്തി ആ ബന്ധം ഇല്ലാതാക്കരുത്. തൻരെ കുടുംബത്തിനെതിരേ മോശം പരാമർശമുണ്ടാകരുതെന്നും താൻ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നതായും മനാഫ് ആവശ്യപ്പെട്ടു.
അർജുനെ കണ്ടെത്തിയതോടെ പിന്നെ ആ കുടുംബത്തിന് തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യാനുള്ളത് ഇൻഷുറൻസ് തുക വാങ്ങികൊടുക്കുക എന്നതാണ്. അർജുന് താൻ 75,000 രൂപ ശമ്പളം നൽകുന്നുണ്ടെന്ന് മാധ്യമങ്ങളിൽ പറഞ്ഞത് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും. പ്രത്യേകിച്ച് മെയിൻസ്ട്രീം മാധ്യമങ്ങളിലൂടെ പറഞ്ഞാൽ. അതിനാലാണ് ശമ്പളക്കാര്യം പറഞ്ഞത്. കുടുംബത്തിന് പ്രയോജനമുണ്ടാകുന്നതിന് വേണ്ടി മാത്രം അതു ചെയ്തതാണ്. തങ്ങളുടെ കൂടെ അർജുനെ കണ്ടെത്തുന്നതിന് ഉണ്ടായിരുന്നവർക്ക് ഭക്ഷണം വാങ്ങി നൽകിയതാണ് സെന്റ്ഓഫ് നടത്തിയെന്നു പറയുന്നതെന്നും മനാഫ് പറഞ്ഞു.