കണ്ണൂർ: അന്തരിച്ച എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടിവി പ്രശാന്തൻറെ മൊഴി പോലീസ് എടുത്തു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് പ്രശാന്തൻറെ മൊഴി രേഖപ്പെടുത്തിയത്. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിനായുള്ള എൻഒസിക്കായി എഡിഎമ്മിന് കൈക്കൂലി നൽകിയെന്നാണ് ആരോപണം.
കഴിഞ്ഞ ആറിന് എൻഒസി നൽകുന്നതിനായി നവീൻ ബാബു താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും അതിൽ 98,500 രൂപ നൽകിയെന്നുമാണ് പ്രശാന്തൻറെ ആരോപണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇദ്ദേഹത്തിൻറെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പം ടിവി പ്രശാന്തനെ സർവീസിൽ നിന്നു നീക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനായി നിയമോപദേശം തേടിയതായും വീണാ ജോർജ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
പിന്നീട് നടന്ന എഡിഎമ്മിൻറെ യാത്രയയപ്പ് സമ്മേളനത്തിനിടെ കയറിവന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ പൊതു മധ്യത്തിൽവച്ച്ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്ത് എഡിഎമ്മിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദിവ്യയ്ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കേണ്ടിയും വന്നിരുന്നു.
പോലീസ് കേസ് എടുത്തതിനു പിന്നാലെ ദിവ്യ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയിരുന്നു.