ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ ആനൂർക്കാവ് സ്വദേശിനിയായ കുഞ്ഞുമോളെ കാർകയറ്റിക്കൊന്ന കേസിലെ പ്രതികളായ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ(29), ഡോ. ശ്രീക്കുട്ടി (27) എന്നിവർക്കെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്. ഇതിനായി അജ്മലിന്റെ മുൻ കേസ് ഹിസ്റ്ററികൾ പരിശോധിക്കുകയാണ് പോലീസിപ്പോൾ. ഇതിനായി അജ്മലിന്റെ പേരിൽ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിലുള്ള കേസുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു തുടങ്ങി.
സ്കൂട്ടർ യാത്രികയെ ക്രൂരമായി വണ്ടിയിടിപ്പിച്ച് കൊന്ന സംഭവത്തിൽ പരമാവധി ശിക്ഷ ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ശാസ്താംകോട്ട പോലീസ്. വാഹനമോടിച്ചിരുന്ന സമയത്ത് അജ്മൽ മദ്യപിച്ചിട്ടുണ്ടെന്ന് അറസ്റ്റ് ചെയ്തപ്പോൾതന്നെ നടത്തിയ വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. അയാളുടെമേൽ ബോധപൂർവമായ നരഹത്യക്കുറ്റവും ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കൂടാതെ അജ്മലിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് കുന്നത്തൂർ ആർടി ഓഫീസും നടപടി തുടങ്ങി.
കടയിൽനിന്ന് സാധനംവാങ്ങി സ്കൂട്ടറിൽ മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ദിശ തെറ്റി അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് കുഞ്ഞുമോൾ മരിച്ചത്. താഴെ വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ കാർ രണ്ടുതവണ കയറ്റിയിറക്കിയതാണ് മരണകാരണം.
അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമമുണ്ടാകണമെന്ന് കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദ്, മക്കളായ സോഫിയ, അൽഫിയ എന്നിവർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉദ്യോഗസ്ഥർ കുഞ്ഞുമോളുടെ വീട്ടിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. റൂറൽ എസ്പി നേരിട്ടാണ് അന്വേഷണപുരോഗതി വിലയിരുത്തുന്നത്.
ഇടിച്ച കാർ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലാണ്. കാറിന്റ ഉടമസ്ഥത സംബന്ധിച്ച കാര്യത്തിലും പോലീസിനു സംശയമുണ്ട്. കഴിഞ്ഞദിവസം ഫൊറൻസിക് സംഘമെത്തി കാറിൽ പരിശോധന നടത്തിയിരുന്നു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കാർ കോടതിക്ക് കൈമാറും.
വനിതാ ഡോക്ടറുടെ രക്തസാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് നൽകുന്ന വിവരം. ശ്രീക്കുട്ടിയെ സംഭവം നടന്നയുടനെതന്നെ അവർ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ നിന്നും പുറത്താക്കിയിരുന്നു.