കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്.
നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹോദരൻ ദിവ്യയ്ക്കെതിരെ പരാതി നൽകിയിരുന്നു. ഇതിൽ ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
കണ്ണൂരിൽ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തിനിടെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ക്വാർട്ടേഴ്സിലെത്തിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.