കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതി ലഭിച്ചിട്ടും കണ്ണൂർ ജില്ലാ പഞ്ചായത്ത്പിപി ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്. നവീന്‍ ബാബുവിന്റെ സഹോദരന് നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നു കണ്ണൂര്‍ ടൗണ്‍ പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഇതിനിടെ ദിവ്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അതേസമയം പരാതിക്കാരനായ പ്രശാന്തനെതിരേ വകുപ്പ് തല അന്വേഷണത്തിനുള്ള നീക്കവും നടക്കുന്നുണ്ട്.
ദിവ്യയുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം നവീന്‍ ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴി കൂടെ രേഖപ്പെടുത്തിയേക്കും. ഇതിൽ പ്രധാനമായും ദിവ്യയുടെ ആരോപണം മൂലമുണ്ടായ മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം സുഹൃത്തുക്കളോട് എന്തെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാവും പോലീസ് പരിശോധിക്കുക.
അതേസമയം പരാതിക്കാരനായ പ്രശാന്തിനെതിരേ വകുപ്പ് തല അന്വേഷണം ഉടന്‍ ആരംഭിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരൻ ഇത്തരത്തിലൊരു സ്വകാര്യ സംരംഭം ആരംഭിക്കുന്നത് ചട്ട വിരുദ്ധമാണ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതിനാൽ തന്നെ പെട്രോൾ പമ്പ് നടത്തിപ്പിൽ ഏതെങ്കിലും തരത്തിലുള്ള ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യമായിരിക്കും പോലീസ് പ്രധാനമായും അന്വേഷിക്കുക. മാത്രമല്ല ദിവ്യയുടെ ഭർത്താവിന്റെ ബിനാമിയാണ് പ്രശാന്തെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്ന സാഹചര്യത്തിൽ.
അതേസമയം അടുത്തദിവസം ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിപി ദിവ്യക്കെതിരെ പാർട്ടി ഏതു തരത്തിലുള്ള നടപടിയായിരിക്കും കൈക്കൊള്ളുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. പ്രത്യേകിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ദിവ്യയ്ക്ക് എതിരായ നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ.