ന്യൂയോർക്ക്: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമെന്നനിലയിൽ ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി മുൻ നിര ടെക് കമ്പനികൾ അറിയിച്ചത്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നത് ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യകൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സമന്വയ അവസരമായിരിക്കുമെന്നും സിഇഒമാർ അഭിപ്രായപ്പെട്ടു.
ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ന്യൂയോർക്കിലെ ടെക്നോളജി വ്യവസായ പ്രമുഖരായ ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ, എൻവിഡിയയുടെ ജെൻസൻ ഹുവാങ്, അഡോബിൻ്റെ ശന്തനു നാരായൺ, ഐബിഎമ്മിൻ്റെ അരവിന്ദ് കൃഷ്ണ എന്നിവരുൾപ്പെടെ മുൻനിര അമേരിക്കൻ സിഇഒമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സാമ്പത്തിക–സാങ്കേതിക വളർച്ചയുടെ ഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മോദി അഭിപ്രായപ്പെട്ടു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ക്വാണ്ടവും, ബയോടെക്നോളജിയും ലൈഫ് സയൻസസും, കമ്പ്യൂട്ടിംഗ്, ഐടി ആൻഡ് കമ്മ്യൂണിക്കേഷൻ, അർദ്ധചാലക സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങൾ പ്രധാനമന്ത്രി ചർച്ച നടത്തി. സാങ്കേതിക വിദ്യകൾ എങ്ങനെയാണ് ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളെ സഹായിക്കുന്നതെന്ന് യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആഗോള സമ്പദ്വ്യവസ്ഥയിലും മനുഷ്യവികസനത്തിലും വിപ്ലവം സൃഷ്ടിക്കാൻ ശേഷിയുള്ള നൂതനാശയങ്ങൾക്കായി സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും ചർച്ച ചെയ്തു.
തുർന്ന്ലോങ് ഐലൻഡിലെ നസാവു കൊളിസിയത്തിൽ നടന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയിലും മോദി പങ്കെടുത്തു. യുഎസിൽ സ്ഥിരതാമസമാക്കിയവരെ ഇന്ത്യൻ ബ്രാൻഡ് അംബാസഡർമാർ എന്നുവിശേഷിപ്പിച്ച മോദി, ഇന്ത്യയ്ക്ക് യുഎസിൽ ലഭിക്കുന്ന ബഹുമാനത്തിന് അവരോട് നന്ദി പറഞ്ഞു. ഇന്ത്യൻ മൂല്യങ്ങളും സംസ്കാരവുമാണ് ലോകത്തെ ഏതുകോണിലായാലും ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതെന്നും പറഞ്ഞു.