തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലമായതു സംബന്ധിച്ച് പരിശോധന നടത്താൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് വന്നതിനുശേഷം കുറ്റക്കാരനാണെന്നു കണ്ടാൽ എഡിജിപിക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശോധന നടക്കുന്നുണ്ട്. വസ്തുതയ്ക്ക് അനുസരിച്ചല്ല വിവരാവകാശ നിയമപ്രകാരം പൊലീസ് ആസ്ഥാനത്തുനിന്ന് മറുപടി നൽകിയത്. അന്വേഷണം നേരത്തെ തീരേണ്ടതായിരുന്നു. പക്ഷെ സമയം നീട്ടി ചോദിച്ച് കഴിഞ്ഞയാഴ്ച ഫയൽ വന്നു. 24നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘തൃശൂർ പൂരം സംബന്ധിച്ച റിപ്പോർട്ട് വൈകിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിരുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടിയാണ് കൊടുത്തത്. അതുകൊണ്ടാണ് വിമവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നും പിണറായി.
വിഡി സതീശൻ എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് എന്റെ ഇടനിലക്കാരനായാണെന്നാണ് പറഞ്ഞത് പൊലീസ് ഉദ്യോഗസ്ഥരെ പലതരം ഇടനിലയ്ക്കായി ഉപയോഗിച്ചതിന്റെ മുൻകാല അനുഭവം വച്ചായിരിക്കും. ഞങ്ങൾക്ക് അത്തരം പതിവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആർഎസ്എസ് നേതാക്കളെ എംആർ അജിത് കുമാർ കണ്ട വിഷയത്തെ പാർട്ടി വളരെ ഗൗരവമായി കാണുന്നു. റിപ്പോർട്ട് കിട്ടുന്നത് അനുസരിച്ച് നടപടിയെടുക്കും. പക്ഷെ പ്രസ്ഥാവനയുടെ പേരിൽ നടപടിയെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.