തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ ആരോപണങ്ങളുമായി രംഗത്തെത്തിയതെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു ധാരണയുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷെ സർക്കാർ മുൻധാരണകളോടെയല്ല കാര്യങ്ങളെ സമീപിച്ചത്. ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണത്തിന് സംവിധാനമൊരുക്കി. പക്ഷെ അവിടം കൊണ്ട് നിന്നില്ല. മെല്ലെ കാര്യങ്ങൾ മാറിമറിഞ്ഞു. അത് എല്ലാവരും കണ്ടതുമാണ്. അവ പിന്നീട് ചെന്നുനിന്നത് സിപിഎം പാർലമെന്ററി അംഗത്വത്തിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്തേക്കു പോകുന്നതുവരെയെത്തി. ഏതെല്ലാം തരത്തിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റുമെന്ന ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
‘വർഗീയതയ്ക്കെതിരായി എന്നും തീരുമാനമെടുത്തവരാണ് ഞങ്ങൾ. വർഗീയ ശക്തികൾ സ്വാഭാവികമായും ഞങ്ങൾക്കെതിരെ എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് എല്ലാ കാലത്തും ആലോചിക്കാറുണ്ട്. ഞങ്ങളോടൊപ്പം അണിനിരക്കുന്ന വിഭാഗങ്ങളെ പിന്തിരിപ്പിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ തെറ്റായ പ്രചാരണം നടത്താറുണ്ട്. ഇതിൽ ചിലർ ആ ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കളികളിൽ അൻവറും ചേർന്നുവെന്നതാണ് അടുത്ത കാലത്തെ പ്രസ്താവന കാണിക്കുന്നത്. ഇനി പുതിയൊരു പാർട്ടി രൂപീകരിച്ച് അതിലൂടെ കാര്യങ്ങൾ നീക്കാനാണ് നോക്കുന്നതെങ്കിൽ അതും നടക്കട്ടെ. അതിനേയും നേരിടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തർക്കങ്ങളിൽ മധ്യസ്ഥനായി ഇടപെട്ട് പണം വാങ്ങുന്നു. സ്ത്രീകളോട് പരിധിവിട്ട് പെരുമാറുന്നു തുടങ്ങിയ അൻവർ ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി ഇങ്ങനെയായിരുന്നു. ‘അതെല്ലാം അൻവറിന്റെ ശീലത്തിൽ പറയുന്ന കാര്യങ്ങൾ. അതൊന്നും ഞങ്ങളുടെ ഓഫീസിലെ ആളുകൾക്ക് ബാധകമായതല്ല. അതൊന്നും നല്ല മാർഗമല്ല. നല്ലതല്ലാത്ത മാർഗങ്ങൾ അൻവർ സ്വീകരിക്കുമ്പോൾ അതിന്റെതായി രീതിയിൽ മറുപടി പറയാൻ താൽപര്യമില്ല. അവജ്ഞയോടെ ആ അധിക്ഷേപങ്ങളെല്ലാം തള്ളികളയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.