കൊച്ചി: ലൈംഗികാരോപണക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജഡ്ജിക്ക് സിപിഎം ബന്ധമുണ്ടെന്നു കാണിച്ച് മുന്‍ എംഎല്‍എ അനില്‍ അക്കരയാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്.
മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയയാണെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് അനില്‍ അക്കര പരാതി സമര്‍പ്പിച്ചത്. അതേ സമയം തന്റെ പക്കലുള്ള ഇലക്ട്രോണിക് തെളിവുകൾ അഭിഭാഷകനെ ഏൽപിക്കാനായി മുകേഷ് ഇന്ന് തലസ്ഥാനത്തുനിന്നും കൊച്ചിയിലെത്തിയിട്ടുണ്ട്.
രാജിയാവശ്യം ശക്തമായതോടെ വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് അടക്കം മാറ്റി കനത്ത പൊലീസ് സുരക്ഷയിലാണ് മുകേഷിന്റെ യാത്ര.
ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കേണ്ടതില്ലെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്. ഇതിനെതിരെ ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാവിലെ മുതല്‍ ആരംഭിച്ച സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇതുവരെ മുകേഷിന്റെ രാജി സംബന്ധിച്ച ചര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് മാറി നില്‍ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടെങ്കിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് തന്റെ പിന്തുണ അറിയിച്ചു. സിപിഎമ്മിന്റെ നിലപാട് തന്നെയാണ് സിപിഐയ്ക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.