തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിനെ അനുസ്മരിച്ച് സഹപ്രവർത്തകർ പലരും തങ്ങളുടെ കുറിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ പിബി നൂഹിന്റെ വാക്കുകൾ ഇങ്ങനെ: പ്രതിസന്ധി കാലങ്ങളിൽ ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ. 2018 ലെ വെള്ളപ്പൊക്കസമയത്ത് ഫ്ളഡ് റിലീഫ് മെറ്റീരിയൽ കളക്ഷൻ സെന്ററിൽ വെളുപ്പിന് മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് തനിക്ക് പരിചയമെന്നും പിബി നൂഹ് ഫേസ്ബുക്കിൽ കുറിച്ചു.
എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു. നവീൻ സഹായിച്ച സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ, സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും അദ്ദേഹത്തെ കൃതജ്ഞതയോടെ ഓർക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018 ലെ വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവിലെ കോവിഡ് 19 മഹാമാരിയും. ഈ മൂന്നു പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാൻ സാധിച്ചത് അതിസമർത്ഥരായ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു. അതിൽ എടുത്തു പറയേണ്ട പേരാണ് സൗമ്യനായ, ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിന്റേത്.
പതിനെട്ടിലെ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് കുട്ടികൾ വളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോൾ അവരുടെ ഏകോപനം ഏൽപ്പിക്കാൻ നവീൻ ബാബുവിനെക്കാൾ മികച്ച ഒരു ഓഫീസർ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവർത്തിച്ചിരുന്ന ഫ്ലഡ് റിലീഫ് മെറ്റീരിയൽ കളക്ഷൻ സെന്ററിൽ വെളുപ്പിന് മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് എനിക്ക് പരിചയം. എല്ലാവരോടും ചിരിച്ചു കൊണ്ട്മാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീൻ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞത് പ്രമാടത്തെ കളക്ഷൻ സെന്ററിന്റെ പ്രവർത്തനത്തെ തല്ലൊന്നുമല്ല സഹായിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവർത്തികൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. 2019 ലെ കോവിഡ് കാലത്ത് തിരുവല്ലയിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈൻ സെന്റർ പരാതികൾ ഏതുമില്ലാതെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിൽ നവീൻ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു.
സഹപ്രവർത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വർഷക്കാലം ഒരു പരാതിയും കേൾപ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാൾ എന്നതാണ് നവീൻ ബാബുവിനെ കുറിച്ച് എന്റെ ഓർമ. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്. 30ലേറെ വർഷക്കാലത്തെ ഗവൺമെന്റിലെ പ്രവർത്തനത്തിനുശേഷം റിട്ടയർമെന്റ് ലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹത്തിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്.
ഗവൺമെന്റ് വകുപ്പുകളിൽ സാധാരണ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തിൽ ജോലിചെയ്യാൻ സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പിൽ 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു.
പ്രിയപ്പെട്ട നവീൻ,
ദീർഘമായ നിങ്ങളുടെ സർവീസ് കാലയളവിൽ നിങ്ങൾ സഹായിച്ച, നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ – സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും.