തിരുവനന്തപുരം: എംആർ അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട പി വിജയൻ ഇനി സംസ്ഥാന ഇന്റലിജൻസ് മേധാവി. എഡിജിപിയായിരുന്ന എംആർ അജിത് കുമാറിനെ മാറ്റി പകരം മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കിയ ഒഴിവിലേക്കാണ് നിയമനം.
ഏലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എംആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയൻ. കേസിൽ പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോർട്ട്.
നിലവിൽ കേരള പൊലീസ് അക്കദമി ഡയറക്ടറാണ് പി. വിജയൻ. തൽസ്ഥാനത്തേക്ക് എ അക്ബറിനെ നിയമിച്ച ശേഷമാണ് പി വിജയൻ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറക്കിയത്. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയൻ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡൻഡ് കേഡറ്റ് ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.