മലപ്പുറം∙ മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കുമെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ എൽഡിഎഫ് വിട്ട് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നറിയിച്ച പി.വി. അൻവർ നിയമസഭയിൽ ഇടതും വലതുമിരിക്കാതെ നടുക്കിരിക്കുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ചതിച്ചുവെന്നും അൻവർ ആരോപിച്ചു. അതോടൊപ്പം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അൻവർ പത്രസമ്മേളനത്തിൽ പങ്കുവെച്ചു.
മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് കേരളത്തിലെ സഖാക്കൾ മനസിലാക്കണം. പോലീസിന്റെ ഏകപക്ഷീയവും വർഗീയവുമായ നിലപാടിനെ കുറേക്കാലമായി ഞാൻ ചോദ്യംചെയ്യുന്നു. ഞാനെന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ട് വിശ്വസ്തനായി നിൽക്കുന്ന വ്യക്തിയുടെ മുന്നിൽ കാര്യങ്ങൾ പറഞ്ഞു. എനിക്ക് പറയാനുള്ളതെല്ലാം കേട്ടുകഴിഞ്ഞ മുഖ്യമന്ത്രി ഇങ്ങനെയൊക്കെയായാൽ എന്താ ചെയ്യുകയെന്നു ചോദിച്ചുവെന്നും അൻവർ വെളിപ്പെടുത്തി.
അതേസമയം എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന ഊഹാപോഹങ്ങൾ പാടെ തള്ളി താൻ എംഎൽഎ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ജനങ്ങളാണ് എംഎൽഎ എന്ന മൂന്നക്ഷരം തനിക്കു നൽകിയതെന്നും അൻവർ പറഞ്ഞു. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നറിയിച്ച അൻവർ തന്റെ അടുത്ത നീക്കം അന്ന് ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു. ഇനി പുതിയ പാർട്ടിയോ, അതോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരുമോയെന്ന അഭ്യൂഹം നിലനിർത്തിയാണ് എംഎൽഎ പത്ര സമ്മേളനം അവസാനിപ്പിച്ചത്.
‘ജനങ്ങളോട് പിന്തുണയുള്ള, കൂറുള്ള നേതാക്കളാണ് തന്നെ പിന്തുണയ്ക്കുന്നത്. അവരുടെ പേരുകൾ പറയാൻ ഒരു ബുക്ക് മതിയാകില്ല. പാർട്ടി തള്ളിയാൽ ഞാൻ നടുപക്ഷത്ത് നിൽക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. പാർലമെന്ററി പാർട്ടി യോഗം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് നടക്കുക. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഈ വരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാൻ ഉണ്ടാകും. കിട്ടിയതൊന്നും ഞാൻ വിടില്ലെന്നും എംഎൽഎ പറഞ്ഞു.
അതോടൊപ്പം പി. ശശിക്കെതിരെ രൂക്ഷമായ വിമർശനവും എംഎൽഎ ഉയർത്തി. മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴാൻ കാരണം പി. ശശിയാണ്. കത്തി ജ്വലിച്ച് നൂറിൽ നിന്നിരുന്ന മുഖ്യമന്ത്രി പൂജ്യത്തേക്കെത്താൻ കാരണവും പി ശശിയാണെന്ന് അൻവർ എംഎൽഎ ആരോപിച്ചു.