ന്യൂഡൽഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പഠന റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകുകയായിരുന്നു. ഒരേസമയം തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുന്നതിന് നിയമപരമായി സാധുതയുള്ള സംവിധാനം ശുപാർശ ചെയ്ത് പാനൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത് മാസങ്ങൾക്ക് മുൻപായിരുന്നു. വരുന്ന ശൈത്യകാല പാർലമെൻറ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് നീക്കം. 2014 മുതൽ മോദി സർക്കാർ മുന്നോട്ടുവച്ച ആശയമായിരുന്നു ഇത്. കൂടാതെ അടിക്കടിയുള്ള തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ സമ്പത്ത് പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി തന്നെ പറഞ്ഞിരുന്നു.
ഒരേസമയം തെരഞ്ഞെടുപ്പിന് വ്യാപകമായ പിന്തുണ ലഭിച്ചതായും മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ചതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സമിതിയുടെ ശുപാർശകൾ ഇന്ത്യയിലുടനീളം വിവിധ വേദികളിൽ ചർച്ച ചെയ്യും. ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് കോവിന്ദ് പാനലിൻ്റെ ശുപാർശകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇംപ്ലിമെൻ്റേഷൻ ഗ്രൂപ്പ് രൂപീകരിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. “നിരവധി പാർട്ടികൾ ഒരേസമയം തെരഞ്ഞെടുപ്പിനെ പിന്തുണച്ചിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഞങ്ങൾ സമവായം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ചിലാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതുപ്രകാരം ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു നിർദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിൻറെ വാദം. എന്നാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇതിനെതിരേ രംഗത്തുവന്നിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ പല വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെടുക. എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അത് ഏകീകരിക്കപ്പെടും. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വരെ സ്വാധീനിച്ചേക്കാമെന്നും പ്രതിപക്ഷം നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു.
നിലവിലുള്ള ചട്ടക്കൂട് പഠിക്കാനും സമന്വയിപ്പിച്ച തെരഞ്ഞെടുപ്പുകൾക്ക് ആവശ്യമായ ഭരണഘടന, ജനപ്രാതിനിധ്യ നിയമം മുതലായവയിൽ ഭേദഗതികൾ ശുപാർശ ചെയ്യാനും കോവിന്ദ് പാനലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ആദ്യപടിയായി ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്താൻ ശുപാർശ ചെയ്തു. തുടർന്ന് മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുമായി സമന്വയിപ്പിക്കാൻ നിർദേശിച്ചു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന വിധത്തിലാണ് ഇത് നടപ്പാക്കാൻ നിർദേശിച്ചത്. ആദ്യ ഘട്ടം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന് സമിതി പറഞ്ഞു.