മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാർ കവടിയാറിൽ ഫ്ളാറ്റ് വാങ്ങി അത് ഇരട്ടിവിലയ്ക്ക് വിറ്റുവെന്ന് പിവി അൻവർ എംഎൽഎ. ഇതിലൂടെ അജിത് കുമാർ കള്ളപ്പണം വെളുപ്പിച്ചെന്നും അൻവർ പറഞ്ഞു. സോളാർ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണ് ഇതെന്നും അൻവർ ആരോപിച്ചു.
‘എഡിജിപി കവടിയാറിൽ 33.8 ലക്ഷം രൂപ നൽകി 2016 ഫെബ്രുവരിയിൽ സ്വന്തം പേരിൽ ഫ്ളാറ്റ് വാങ്ങി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ഫ്ളാറ്റ് വാങ്ങിയത്. പിന്നീട് പത്തു ദിവസം കഴിഞ്ഞ് ഇത് വിൽക്കുകയും ചെയ്തു. 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ പ്രോപ്പർട്ടി വിൽക്കുന്നത് അതിന്റെ
ഏകദേശം ഇരട്ടി വിലയ്ക്ക്. അതായത്, 65 ലക്ഷം രൂപയ്ക്ക്. ഇതു കൈക്കൂലിയായി സോളാർ കേസ് അട്ടിമറിച്ചതിലൂടെ കിട്ടിയ പണമാണെന്നും അൻവർ.
അതായത് ഒറ്റ ഫ്ലാറ്റ് വിൽപനയിലൂടെ 32 ലക്ഷം രൂപ വൈറ്റ് മണിയായി. ഇത്തരത്തിൽ എഡിജിപി കൈക്കൂലി വാങ്ങുന്ന പണം ഉപയോഗിച്ച് ഫ്ളാറ്റുകൾ വാങ്ങുകയാണെന്നും അൻവർ പറഞ്ഞു. രജിസ്ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് അധികാര ദുർവിനിയോഗത്തിൽ വരുന്നതാണ്. ഇക്കാര്യങ്ങളൊക്കെയും വിജിലൻസിന്റെ അന്വേഷണ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. അതിനാൽ താൻ ആരോപിച്ച കാര്യങ്ങളിൽ വിജിലൻസ് അന്വേഷണം വേണ’മെന്നും പിവി അൻവർ എംഎൽഎ ആവശ്യപ്പെട്ടു.