ന്യൂഡൽഹി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധ പരിഹാര ചർച്ചയ്ക്കായി ഇന്ത്യ മുന്നിട്ടിറങ്ങാൻ തീരുമാനം. ഇതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ ഈ ആഴ്ച റഷ്യ സന്ദർശിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റഷ്യ- യുക്രെയ്ൻ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ, അജിത് ഡോവൽ ഉക്രെയ്ൻ സന്ദർശനത്തിന് ശേഷം സമാധാനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ചർച്ച ചെയ്യാൻ റഷ്യ സന്ദർശിക്കുമെന്ന് ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും നിർദേശിച്ചിരുന്നു. ഉക്രെയ്നുമായി ബന്ധപ്പെട്ട് ഒരു സംഭാഷണം സ്ഥാപിക്കാൻ ഇന്ത്യക്ക് സഹായിക്കാമെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്കോവും വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ റഷ്യ – ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തിരുന്നു. ചർച്ചയിൽ ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, ഞങ്ങൾ എല്ലായ്പ്പോഴും സമാധാനത്തിൻ്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നു. താൻ സമാധാനത്തിന് എതിരല്ലെന്നും 2022 സെപ്റ്റംബർ 24 ന് പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാൻ ബ്രസീൽ, ചൈന, ഇന്ത്യ എന്നിവരെ പ്രശ്നപരിഹാരത്തിനുള്ള മധ്യസ്ഥരായി കാണുമെന്നും പ്രസിഡൻ്റ് പുടിൻ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
യുക്രെയ്നിൽ എത്രയും വേഗം സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഇന്ത്യ ഒരുക്കമാണെന്നു പറഞ്ഞ മോദി, വ്യക്തിപരമായി ഇടപെടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് അവസാനം കാണാൻ റഷ്യയും യുക്രെയ്നും ഉള്ളുതുറന്നു ചർച്ച നടത്തണമെന്നും പ്രായോഗികമായ ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാകൂവെന്നും ചർച്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് യുദ്ധത്തിൽ ഏകദേശം 500,000 പേർക്കു പരുക്കോ, അല്ലെങ്കിൽ ജീവഹാനിയോ സംഭവിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയ സമയങ്ങളിൽ റഷ്യൻ, ഉക്രേനിയൻ ചർച്ചക്കാർ ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും ആ ചർച്ചകൾക്ക് ഒരു പുരോഗതി കൈവരിക്കാനായില്ല.