മലപ്പുറം: മലപ്പുറത്ത് നിപ്പയുമായി ബന്ധപ്പെട്ട് ഇന്ന് ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുണ്ടായിരുന്നതെന്നും മന്ത്രി.
എം പോക്സ് ബാധിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും. കൂടാതെ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വന്‍സിങ് നടത്തും.
നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. കൂടാതെ യുവാവിനൊപ്പം വിമാനത്തിലെ മുന്നിലും പിന്നിലുമായി മൂന്ന് വരികളിലുണ്ടായിരുന്ന 43 പേരെയും മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്ളവരാണ്.