ന്യൂഡൽഹി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിരീക്ഷണം തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയ്ച്ചു. മാത്രമല്ല, തിങ്കളാഴ്ച പരിശോധിച്ച 13 സാമ്പിളുകളും നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ തയാറാക്കിയ സമ്പർക്ക പട്ടികയിൽ 172 പേരാണുള്ളത്. അതിൽ ഹൈ റിസ്ക് പട്ടികയിൽ 26 പേരുണ്ട്. ഇവർക്ക് പ്രതിരോധമരുന്നുകൾ നൽകിത്തുടങ്ങി. ഹൈ റിസ്ക് പട്ടികയിൽ പെടാതെ സമ്പർക്കപട്ടികയിൽ ഉള്ള ആർക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ ഇവരുടെ സാമ്പിളുകൾ പരിശോധിക്കും. ഇന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും. സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും സിസിടിവി ദൃശ്യങ്ങളുടെ അടക്കം സഹായത്തോടെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം മങ്കിപോക്സ് സംശയിക്കുന്ന യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഇയാളുടെ സാമ്പിളുകളും പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എടവണ്ണ സ്വദേശിയായ ഇയാൾ ഒരാഴ്ച മുൻപാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ചിക്കൻ പോക്സിനു സമാനമായ കുരുക്കൾ ശരീരത്തിൽ കണ്ടതിനെത്തുടർന്ന് ഡോക്റ്ററെ സമീപിക്കുകയായിരുന്നു ഇയാൾ.