ആലപ്പുഴ∙ ചേർത്തലയിൽ യുവതിയും ആൺസുഹൃത്തും ചേർന്ന് നവജാതശിശുവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ, കുഞ്ഞിനെ ഒഴിവാക്കിയത് ഭർത്താവ് വേണ്ടെന്നു പറഞ്ഞതിനാലാണെന്ന് ആശയുടെ മൊഴി. കൂടാതെ കുഞ്ഞ് തന്റേതല്ലെന്നും ആശയുടെ ഭർത്താവ് മനോജ് പറഞ്ഞെന്നും അതിനാൽ കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നെന്നും ആശയുടെ മൊഴി.അതേ സമയം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ സമയം രതീഷിന് കൈമാറിയ കുഞ്ഞിനെ കൊണ്ടുപോയത് സഞ്ചിയിലാക്കിയാണ്കൊണ്ടുപോയതെന്നും പൊലീസ് അറിയിച്ചു.
വിവാഹേതര ബന്ധത്തിലെ കുട്ടിയാണെന്നു കാണിച്ച് ആശയുടെ ഭർത്താവും ബന്ധുക്കളും മാറി നിന്നപ്പോൾ ആശുപത്രിയിൽ ഒപ്പം പോയിരുന്നതും ചെലവുകൾ വഹിച്ചിരുന്നതും രതീഷാണ്. ഓഗസ്റ്റ് 31നു രാവിലെ 11ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയെങ്കിലും പലയിടങ്ങളിലൂടെ യാത്ര ചെയ്തു രാത്രി 8നാണ് ആശയും രതീഷും പള്ളിപ്പുറത്തുനിന്നു പിരിയുന്നത്. ഈ സമയവും ജീവനുള്ള കുഞ്ഞിനെ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീടുള്ള കാര്യം ചോദിച്ചപ്പോൾ അത് നീ അറിയേണ്ടെന്നു രതീഷ് പറഞ്ഞതായി പൊലീസിനോട് ആശ പറഞ്ഞു.
ആശയുടെ ബന്ധുവാണ് രതീഷ്. പിന്നീട് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. ആശ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. പിന്നീടാണ് ചേർത്തലയിലെ സ്വാകാര്യ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്.
നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ(35), പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ്(38) എന്നിവരെ ഇന്നലെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രതീഷിന്റെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം സംഭവം വാർത്തയായതോടെ പുറത്തെടുത്ത് ശുചിമുറിയിൽ സൂക്ഷിക്കുകയായിരുന്നു. ആശയുടെ ഫോണിൽ നിന്നു പൊലീസ് രതീഷിനെ ആശയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു രതീഷ് സമ്മതിച്ചത്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആശയ്ക്കും രതാഷിനുമെതിരെ ജനന വിവരം മറച്ചുവച്ചു, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയ്ക്കാണു കേസെടുത്തത്.
ചേർത്തലയിൽ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ
നവജാത ശിശുവിനെ കാണാതായി; കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികൾക്ക് നൽകിയതായി യുവതി