പൂച്ചാക്കല്‍(ആലപ്പുഴ): ചേര്‍ത്തല പാണാവള്ളിയില്‍ അവിവാഹിത പ്രസവിച്ച നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ കുഞ്ഞിനെ കൈമാറുമ്പോള്‍ ജീവനില്ലായിരുന്നതായി പോലീസ്. കുട്ടി ജനിച്ച് 24 മണിക്കുറിനു ശേഷമാണ് കുട്ടിയെ കാമുകനു കൈമാറിയത്. കുഞ്ഞ് ജനിച്ച സമയത്ത് കരഞ്ഞിരുന്നതായും പോലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ഏഴിനു പുലര്‍ച്ചെ ഒന്നരയ്ക്ക് വീട്ടില്‍വെച്ചാണ് പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.
കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ പാണാവള്ളി പഞ്ചായത്ത് 13-ാം വാര്‍ഡ് ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), കാമുകന് തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് ഭവനില്‍ അശോക് ജോസഫ് (30) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ റിമാന്‍ഡ് ചെയ്തു. ഡോണയൊഴികെയുള്ളവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.
ഡോണ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയാണ് ഇവരെ കൊട്ടാരക്കര ജയിലിലേക്കു റിമാന്‍ഡു ചെയ്തത്. തത്കാലം ആശുപത്രിയില്‍ തുടരും. തോമസ് ജോസഫിനെയും അശോക് ജോസഫിനെയും ആലപ്പുഴ സബ് ജയിലിലേക്കു മാറ്റി.
ഇതേ സമയം കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ആലപ്പുഴ വലിയചുടുകാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുകയായിരുന്നു.
നാട്ടിലേക്കു കൊണ്ടുപോയി സംസ്കാരം നടത്താന്‍ പറ്റില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മൂന്നുമണിയോടെ സംസ്കരിച്ചു. പൂച്ചാക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ആര്. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. കൃഷ്ണന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വയറുവേദനയുമായി ഡോണ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ക്രൂരത ലോകമറിഞ്ഞത്. ഡോണ പ്രസവിച്ചതായി സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഫൊറന്‍സിക് സയന്‍സ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. കാമുകന് തോമസ് ജോസഫ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചിട്ടുള്ളയാളാണ്. രാജസ്ഥാനില്‍ പഠിക്കുമ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്.