ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ വിറ്റതല്ല, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ. ശിശുവിന്റെ അമ്മയും സുഹൃത്തും ചേർന്ന് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കിന് സമീപം കുഴിച്ചുമൂടുകയായിരുന്നു. ആദ്യം കുട്ടിയെ തൃപ്പൂണിത്തുറയിലുള്ള ദമ്പതികൾക്ക് കൈമാറിയെന്ന് യുവതി മൊഴി നൽകിയെങ്കിലും പോലീസ് അത് വിശ്വാസത്തിലെടുത്തിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുഞ്ഞിനെ വിറ്റുവെന്നാണ് ആദ്യം യുവതി പറഞ്ഞത്.
തുടർന്ന് യുവതിയേയും ആൺസുഹൃത്തിനേയും ചോദ്യം ചെയ്തതിൽ നിന്ന് കുട്ടിയെ രതീഷിന്റെ വീട്ടിൽ കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന് ഇരുവരും പോലീസിന് മൊഴി നൽകിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ആശയേയും സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളുടെ അമ്മയായ ചേർത്തല ചേന്നം പള്ളിപ്പുറം സ്വദേശിനി ആശ ഓഗസ്റ്റ് 26നാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രസവിച്ച ആശ 31ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി. പ്രസവ സമയത്ത് സുഹൃത്ത് രതീഷായിരുന്നു കൂടെയുണ്ടായിരുന്നത്. തുടർന്ന് യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കറാണ് പോലീസിൽ വിവരം അറിയിച്ചത്.
പിന്നീട് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പടെയുള്ളവർ ചോദിച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശിക്ക് കൈമാറിയെന്ന് പറഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കസ്റ്റഡിയിലുള്ള ഇരുവരെയും രതീഷിൻറെ വീട്ടിൽ എത്തിച്ച് കുഞ്ഞിൻറെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. കുഞ്ഞിനെ രതീഷിന്റെ വീട്ടിലുള്ള സെപ്റ്റിക് ടാങ്കിനു സമീപം കുഴിച്ചിട്ടുവെന്നാണ് ഇരുവരുടേയും മൊഴി. ഇവരുടെ മൊഴി പ്രകാരം വിരലടയാള വിദഗ്ദരടക്കം രതീഷിന്റെ വീട്ടിലെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാരംഭിച്ചു.
നവജാത ശിശുവിനെ കാണാതായി; കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികൾക്ക് നൽകിയതായി യുവതി