ചേർത്തല: നവജാത ശിശുവിന്റെ ക്രൂരമായ കൊലപാതകം പുറത്തുവന്നതിനു പിന്നാലെ തങ്ങളെ ആശ ഭീഷണിപ്പെടുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആശാവർക്കർമാർ. യുവതി ഗർഭിണിയാണെന്നറിച്ച് വീട്ടിലെത്തിയ തങ്ങളോട് വിവരം പുറത്തു പറഞ്ഞാൽ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ച ശേഷം ജീവനൊടുക്കും എന്നു ഭീഷണിപ്പെടുത്തിയതായി പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡിലെ ആശാ പ്രവർത്തക പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ആശ ഭർത്താവും രണ്ടു മക്കളുമൊത്ത് പല്ലുവേലിയിലെ വീട്ടിൽ താമസിക്കാനെത്തിയത്.
ആശ ഗർഭിണിയാണെന്നറിഞ്ഞ് വിവരങ്ങൾ ശേഖരിക്കാനാണ് ആ വീട്ടിൽ പോയതെന്നു ആശാ വർക്കർ പറഞ്ഞു. എന്നാൽ കൃത്യമായ വിവരങ്ങളൊന്നും നൽകാതെ ആശ ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോൾ അവരുടെ ഭർത്താവിനും യുവതി ഗർഭിണിയാണെന്നു അറിയില്ലായിരുന്നു. ഗർഭിണി ആയിരിക്കാൻ സാധ്യതയില്ലെന്നാണ് ഇവരുടെ ഭർത്താവു പറഞ്ഞത്. വയറ്റിൽ മുഴയുണ്ടെന്നും വെള്ളം കെട്ടിക്കിടക്കുകയാണെന്നും മറ്റുമായിരുന്നു അയാൾ പറഞ്ഞത്.
എന്നാൽ ഇതു വിശ്വസിക്കാതെ സത്യം അറിയിക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടപ്പോഴാണു ഗർഭിണിയാണെന്നു സമ്മതിച്ചത്. ഇതു പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്നും മേലിൽ തന്റെ വീട്ടിലേക്കു മേലിൽ വരരുതെന്നും ഇവർ താക്കീതും നൽകി. 24നു തനിച്ച് ഓട്ടോയിലാണ് ആശുപത്രിയിൽ പോയതെന്നും 26നു പ്രസവിച്ചെന്ന് അറിഞ്ഞെന്നും ആശാ പ്രവർത്തക പറഞ്ഞു. പിന്നീട് വീട്ടിലെത്തിയിട്ടും ഇവരുടെ കയ്യിൽ കുഞ്ഞിനെ കാണാതെ വന്നതോടെ സംശയം തോന്നി ജനപ്രതികളെ അറിയിക്കുകയായിരുന്നു. ആശാ വർക്കരുടെ ഈ നീക്കമാണ് നവജാത ശിശുവിന്റെ കൊലപാതകം പുറംലോകത്തെത്തിച്ചത്.