ചെന്നൈ: തമിഴ്നാട്ടിലെ ബിഎസ്പി അധ്യക്ഷൻ കെ. ആസംട്രോങ്ങിന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാനേതാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതകത്തിൽ പ്രതിയായ സീസിങ് രാജ പോലീസിനു നേരെ തോക്കെടുത്ത് വെടിവയ്ക്കാനുള്ള ശ്രമത്തിനിടെ പോലീസ് തിരിച്ചുവെടി വയ്ക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്ന് ഞായറാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി ചെന്നൈയിലേക്ക് പോകുന്നതിനിടയിലാണ് സംഭവം.
കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ആറംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തേയും കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കാത്തോപ്പ് ബാലാജിയേയും പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായാണ് രാജയുമായി സംഘം ചെന്നൈയിലേക്ക് പോകുന്നതിനിടെ തോക്കെടുത്ത് പോലീസിന് നേരെ വെടിവെക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് പ്രതിയെ വെടിവെക്കുന്നത്. വയറിലും നെഞ്ചിലും വെടിയേറ്റ രാജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഗുണ്ടാനേതാവായ രാജക്കെതിരേ 33 കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.
ആസംട്രോങ്ങിന്റെ കൊലപാതകക്കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് ആർക്കോട് സുരേഷിന്റെ ഭാര്യ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എസ്. പോർക്കൊടിയെ ഗൂഢാലോചന കുറ്റംചുമത്തിയാണ് അറസ്റ്റുചെയ്തത്. ആരുദ്ര സ്വർണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗോൾഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ച ആർക്കോട് സുരേഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു. സ്വർണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
2500 കോടിയോളം രൂപയുടെ തട്ടിപ്പാണ് ആരുദ്ര നിക്ഷേപപദ്ധതിയുടെ മറവിൽ നടന്നത്. കഴിഞ്ഞവർഷം കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആർക്കോട്ട് സുരേഷ് ആരുദ്ര ഗോൾഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ചപ്പോൾ പണംനഷ്ടമായ നിക്ഷേപകരെ പിന്തുണച്ച് ആംസ്ട്രോങ്ങും സംഘവും എത്തി. ഇതേത്തുടർന്നുള്ള തർക്കങ്ങളാണ് സുരേഷിന്റെയും ആംസ്ട്രോങ്ങിന്റെയും കൊലപാതകത്തിൽ കലാശിച്ചത്.