മുംബൈ∙ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയിൽ മുംബൈ നഗരം. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
തിരക്കേറിയ സ്ഥലങ്ങളിലും മതപരമായ സ്ഥലങ്ങളിലും ‘മോക്ക് ഡ്രില്ലുകൾ’ നടത്താൻ ഞങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഡിസിപിമാരോടും അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്,” സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്ന പോലീസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി കനത്ത ജനത്തിരക്കിന് പേരുകേട്ടതും രണ്ട് പ്രധാന മതകേന്ദ്രങ്ങൾ ഉള്ളതുമായ ക്രോഫോർഡ് മാർക്കറ്റ് ഏരിയയിൽ മോക്ക് ഡ്രിൽ നടത്തി.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങൾ നിരന്തരം അവലോകനം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകി. സംശയകരമായ കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോടും അഭ്യർഥിച്ചു. ആഘോഷ കാലമായതിനാലാണ് സുരക്ഷ വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നവംബറിൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്രോഫോർഡ് മാർക്കറ്റിലും മുംബൈയിലെ മറ്റ് സ്ഥലങ്ങളിലും മോക്ക് ഡ്രില്ലുകൾ നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ എല്ലാ ക്ഷേത്രങ്ങളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുൻകരുതൽ നടപടിയെന്ന നിലയിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.