കൊച്ചി: ലൈംഗിക പീഡന കേസിൽ നടനും എംഎഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടയിടാനൊരുങ്ങി പോലീസ്. ഇതിനായി മുകേഷിന് ജാമ്യം നൽകരുതെന്ന് കാണിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും. നാളെയാണ് മുകേഷിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരായ പരാതിയിൽ അന്വേഷണ സംഘം അമ്മയുടെ ഓഫിസിൽ പരിശോധന നടത്തിയിരുന്നു. പരിശോധന രണ്ടുമണിക്കൂറോളം നീണ്ടു. എന്നാൽ എന്തെങ്കിലും അവിടെ നിന്നും കണ്ടെടുക്കാനായോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഇന്നലെ മുകേഷിന്റെ മരടിലെ വീട്ടിൽ ആരോപണമുന്നയിച്ച നടിയേയെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിദ്ദിഖിനെതിരായ പരാതിയിലും ആരോപണം ഉന്നയിച്ച നടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുകേഷ് രാജി വയ്ക്കില്ലെങ്കിലും അന്വേഷണത്തിൽ യാഥൊരുവിധത്തിലും പാർട്ടി ഇടപെടില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.