മുംബൈ: എംഎസ് ധോണിയെന്ന പേരു കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുക തോളൊപ്പമുള്ള മുടിയുമായി വിക്കറ്റ് സ്റ്റംപിന് പിറകിൽ നിൽക്കുന്ന ക്യാപ്റ്റൻ കൂൾ ആയിരിക്കും. എന്നാൽ ഇന്ന് പുതിയ സ്റ്റൈലിലെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണി. ധോണിയുടെ പുതിയ ഹെയർസ്റ്റൈൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുടി വെട്ടിയതിന്റെ പേരിൽ ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിൽ ‘എംഎസ് ധോണി’ ട്രെൻഡിങ്ങായിരുന്നു.
നീളൻ മുടി വെട്ടിയൊതുക്കിയ പുതിയ ലുക്കിലായിരിക്കും ധോണി അടുത്ത ഐപിഎല്ലിൽ കളിക്കുകയെന്നാണു വിവരം. ധോണിയുടെ ഹെയർ സ്റ്റൈലിസ്റ്റായ അലിം ഹക്കീമാണ് താരത്തിന്റെ ചിത്രം ആദ്യം പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം ഇതു വൈറലാവുകയായിരുന്നു. കരിയറിന്റെ തുടക്ക കാലത്ത് മുടി നീട്ടി വളർത്തിയിരുന്ന ധോണി പിന്നീട് മുടി ഷോർട്ട് ആക്കിയെങ്കിലും പിന്നീട് പഴയ സ്റ്റൈലിലേക്കു തിരികെപ്പോയിരുന്നു. എന്നാൽ വീണ്ടും പുതിയ സ്റ്റൈൽ മുടിയിൽ പരീക്ഷിക്കുകയാണ് മുൻ ക്യാപ്റ്റൻ കൂൾ ഇപ്പോൾ.