കൊച്ചി: മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം. ലോറൻസ് (95) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പളളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസവും അടിയന്തരാവസ്ഥക്കാലത്തടക്കം ആറു വർഷവും ജയിൽവാസമനുഭവിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
1929 ജൂൺ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കൽ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ആയിരുന്നു ജനനം
സെന്റ് ആൽബർട്ട്സ് സ്കൂളിലും എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന്പത്താം ക്ലാസിനു ശേഷം രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാർഥി ഫെഡറേഷൻ സെക്രട്ടറിയായിരുന്നു.1946–ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
1980 ൽ ഇടുക്കിയിൽനിന്ന് ലോക്സഭാംഗമായിട്ടുണ്ട്. ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ. സജീവൻ, സുജാത, അഡ്വ. എം.എൽ. അബി, ആശ ലോറൻസ്. എംഎം ലോറൻസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
‘‘കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവായിരുന്നു എം.എം. ലോറൻസ്. അത്യുജ്വലമായ സമര പാരമ്പര്യമുള്ള നേതാവ്. ഇടപ്പള്ളി പൊലീസ് ആക്രമണത്തിൽ അടക്കം പ്രതിയായി. ദീർഘകാലം എൽഡിഎഫ് കൺവീനറായിരുന്നു. കേരളമാകെ അറിയപ്പെടുന്ന നേതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.’’വെന്നായിരുന്നു മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്.