തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ വാഹനത്തിൽ നിന്ന് എംഎല്‍എ ബോര്‍ഡ് മാറ്റി മുകേഷിന്റെ യാത്ര. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് യാത്ര തിരിച്ചത് എംഎൽഎ ബോർഡ് ഇല്ലാതെയായിരുന്നു. എന്നാൽ പോലീസ് സുരക്ഷയിൽ തന്നെയായിരുന്നു താരത്തിൻ്റെ യാത്ര.
ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തതോടെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും രാജി ആവശ്യം ശക്തമായിട്ട് ഉയരുന്നുണ്ട്. അതോടൊപ്പമുള്ള പ്രതിഷേധ പ്രകടനങ്ങളും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് എംഎൽഎ ബോർഡ് നീക്കിയതെന്നാണ് സൂചന.
ലൈംഗിക പരാതി നൽകിയ നടിയ്ക്കെതിരെ തന്റെ കയ്യിൽ തെളിവുകളുണ്ടെന്നു പറഞ്ഞ് പിടിച്ചുനിൽക്കുന്നുണ്ടെങ്കിലും സ്വന്തം പാർട്ടിക്കാർ തന്നെ ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതിനിടെ പാർട്ടി മുകേഷിനെ സംരക്ഷിക്കുകയാണ് എന്ന തരത്തിലുള്ള ലേഖനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ എന്ന നിലപാട് ശരിയല്ലയെന്ന് പാർട്ടി വെബ് സൈറ്റിലെ ലേഖനത്തിലൂടെ പറയുന്നുണ്ട്.