ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്നു പേർക്കുമായുള്ള തിരച്ചിലിൽ വീണ്ടും പ്രതിസന്ധിയിൽ. പുഴയുടെ അടിത്തട്ടിലടിഞ്ഞിരിക്കുന്ന മണ്ണും പാറക്കൂട്ടങ്ങളുമാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നത്. ഇതിനിടെ പത്തിലേറെ തവണ ഈശ്വർ മാൽപെ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാൽപെയോടൊപ്പം നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. ഇന്നും തിരച്ചിൽ തുടരുമെങ്കിലും നാളെ തിരച്ചിൽ ഉണ്ടാവില്ല. വെള്ളിയാഴ്ച പുന:രാരംഭിക്കുവാനാണ് തീരുമാനം.
പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് പുഴയിലിറങ്ങിയ ശേഷം ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ല. അതിനാൽ ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎ പറഞ്ഞു.
എന്നാൽ തൃശൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ ഷിരൂര്‍ ദൗത്യത്തിന് ഉപയോഗിക്കാൻ സാധിക്കില്ലെന്ന്മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാരണം പരമാവധി 18 അടി ആഴത്തില്‍ മാത്രമേ ഡ്രഡ്ജർ പ്രവര്‍ത്തിക്കൂ. ഗംഗാവലിയുടെ ആഴം 25 മുതല്‍ 30 അടി വരെയാണ്. ഇക്കാര്യം ഉത്തര കന്നട ജില്ലാ കലകടറെ രേഖാമൂലം അറിയിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. നിലവിൽ നേവിയുടേയും ഈശ്വർ മാൽപെയുടേയും നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.