ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഈശ്വർ മാൽപെയുടെ നേതത്വത്തിൽ ആരംഭിച്ചു. ആദ്യം മുങ്ങിപ്പൊങ്ങിയ ഈശ്വർ മാൽപെ ലോക്ക് പോലുള്ള ലോഹഭാഗങ്ങൾ കണ്ടെത്തി. എന്നാൽ ഇത് അർജുൻ ഓടിച്ച വണ്ടിയുടേതല്ലെന്നും കണ്ടെത്തൽ. ചിലപ്പോൾ കാണാതായ മറ്റു വാഹനങ്ങളുടേതാകാമെന്നും പ്രാഥമിക നിഗമനം.
ഇന്നലെ ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്നും 70 മീറ്റർ മാറി ഡീസൽ പരന്നുകിടക്കുന്ന സ്ഥലത്താണ് ഈശ്വർ മാൽപെ തിരച്ചിൽ നടത്തുന്നത്. ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ഇന്നത്തെ തിരച്ചിൽ ആരംഭിച്ചത്.
അധികം താമസിക്കാതെ നാവികസേനയുടെ ഒരു ഡൈവിങ് സംഘവും തിരച്ചിലിന് ജോയിൻ ചെയ്യും. പൂർണ തോതിലുള്ള ഒരു തെരച്ചിലാകും ഇന്ന് നടത്തുന്നത്.
പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് കാർവർ എസ്പി നാരായണ പറഞ്ഞു. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലർട്ടുകളും ഇല്ല. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു. നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പൊലീസ് എന്നീ സേനകൾ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റർ റൂട്ടീൻ തെരച്ചിലിന്റെ ഭാഗമായി സർവയലൻസ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.
ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ.
ഇന്നലെ ലോറിയുടെ ഒരു ഭാഗം കണ്ടെത്താനായത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നു കൂടുതൽ പേരെത്തി തെരച്ചിൽ നടത്തുന്നത് കൊണ്ട് പ്രതീക്ഷ ഉണ്ടെന്നും അർജുൻറെ കുടുംബം അറിയിച്ചു.