ചേർത്തല: പ്രസവം കഴിഞ്ഞ് ആശുപത്രിവിട്ട യുവതിയുടെ കുഞ്ഞിനെ കാണാതായതായി പരാതി. അന്വേഷണത്തിൽ തൃപ്പൂണിത്തുറ സ്വദേശികൾക്ക് കൈമാറിയതായി സൂചന.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചേന്നം പള്ളിപ്പുറം 17-ാം വാർഡ് സ്വദേശിനിയായ യുവതി പ്രസവത്തിനായി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാൽ പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതിനിധികളെയും അതുവഴി ചേർത്തല പോലീസിലും അറിയിച്ചത്.
സംഭവത്തിൽ ദുരൂഹതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പ്രാഥമിക മൊഴിപ്രകാരം കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയെന്നാണ് അറിയുന്നത്. യുവതിക്ക് മറ്റു രണ്ട് കുട്ടികൾ കൂടിയുണ്ട്. പണം മേടിച്ചാണോ കുട്ടിയെ കൈമാറിയേയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.