കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് പോലീസ്. അതിനാൽ തന്നെ അർജുന്റെ സഹോദരി അഞ്ജു നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും.
അർജുന്റെ കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മനാഫിന്റെ യുട്യൂബ് ചാനൽ പോലീസ് പരിശോധിച്ചതിൽ നിന്ന് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യാഥൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. കൂടാതെ ഈ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്.
അർജുന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. തുടർന്ന്കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വീഡിയോയ്ക്കു താഴെയും മറ്റു സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും കുടുംബത്തിനെതിര അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണു പരാതിയെന്നും കുടുംബം മൊഴി നൽകി.
ഷിരൂരിലെ ഗംഗാവലി പുഴയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം 73 ദിവസങ്ങൾക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അർജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തി. മനാഫും ഈശ്വർ മാൽപെയും അർജുനെ വച്ച് മൊതലെടുക്കുകയാണെന്നും യൂട്യൂബ് ചാനൽ തുടങ്ങിയത് ഇതിനു വേണ്ടിയാണെന്നുമായിരുന്നു അർജുന്റെ കുടുംബത്തിന്റെ ആരോപണം. ഇതു ചൂണ്ടിക്കാട്ടി അർജുന്റെ കുടുംബം വാർത്താസമ്മേളനം വിളിച്ചിരുന്നു. തുടർന്നാണ് കുടുംബത്തിനെതിരെ അതി രൂക്ഷമായ രീതിയിൽ സൈബർ ആക്രമണമുണ്ടായത്.