മലപ്പുറം: വിവാഹത്തിനാവശ്യമായ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസിന്റെ കണ്ടെത്തൽ. യുവാവ് കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. പിറ്റേ ദിവസം മുതൽ ഫോണിൽ യുവാവിനെ കിട്ടാതായതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു മഞ്ചേരി സ്വദേശിനിയായ യുവതിയുമായി വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. വീട്ടിൽ നിന്നും പറയാതെ പോയ യുവാവ് പിന്നീട് അമ്മയെ വിളിച്ച് വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാൻ പാലക്കാട് പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. യുവാവിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി വീട്ടുകാർക്ക് അറിയില്ല. സുഹൃത്തുക്കളെ വിളിച്ച് ആർക്കോ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. സുഹൃത്തുക്കളിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. ജോലിസ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടോടെ പാലക്കാട് ബസ് സ്റ്റാൻഡിലെത്തിയതായി സുഹൃത്തുക്കൾ പറയുന്നു. എന്നാൽ, വിഷ്ണുജിത്തിന്റെ ഫോൺ സിഗ്നൽ അവസാനമായി ലഭിച്ചത് കഞ്ചിക്കോട്ടാണെന്നു പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. പാലക്കാട്ടെത്തിയ ശേഷം കഞ്ചിക്കോട്ടേക്കു തിരിച്ചുപോയിട്ടുണ്ടാകാമെന്നാണു നിഗമനം. ബുധനാഴ്ച സഹോദരിയുടെ അക്കൗണ്ടിലേക്കു 10,000 രൂപ അയച്ചിട്ടുണ്ട്. അതിനാൽ, കാണാതാകുന്ന സമയത്ത് വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണു പൊലീസ് നിഗമനം. വിഷ്ണു വരാൻ താമസിച്ചതോടെ വിഷ്ണുവിന്റെ സഹോദരി വിവാഹ വസ്ത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു.
ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയതെന്നും കുടുംബം പറയുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.