ന്യൂഡൽഹി: ജോലി സമ്മർദത്തെ തുടർന്ന് ഏണസ്റ്റ് ആൻഡ് യങ്ങിൽ (ഇവൈ)യിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയി ജോലി ചെയ്തിരുന്ന കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ (26) മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം.
“അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ ദാരുണമായ നഷ്ടത്തിൽ അഗാധമായ ദുഃഖമുണ്ട്. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുന്നു. നീതി ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു മന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പുണെയിലെ ഏണസ്റ്റ് ആൻഡ് യങ് (ഇവൈ) കമ്പനിയിൽ ജോലിചെയ്യുന്ന മകളുടെ മരണം ജോലിഭാരം മൂലമാണ് സംഭവിച്ചതെന്നും ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛൻ സിബി ജോസഫ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇവൈ കമ്പനി സിഇഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
“അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന തൻ്റെ വിലപ്പെട്ട കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മ എന്ന നിലയിലാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ഈ വാക്കുകൾ എഴുതുമ്പോൾ എൻ്റെ ഹൃദയം ഭാരമാണ്, എൻ്റെ ആത്മാവ് തകർന്നിരിക്കുന്നു, പക്ഷേ പ്രതീക്ഷയോടെ ഞങ്ങളുടെ കഥ പങ്കിടേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ അനുഭവിക്കുന്ന വേദന മറ്റൊരു കുടുംബത്തിനും സഹിക്കേണ്ടിവരില്ല,” എന്നാണ് അന്നയുടെ അമ്മ കത്തിൽ കുറിച്ചത്.