തിരുവനന്തപുരം: ദേശീയ മാധ്യമത്തോടു നടത്തിയ മലപ്പുറം പരാമർശത്തിൽ വിമർശനമേറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് വഴി മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ സമസ്തയും പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിഷയത്തിൽ റിപ്പോർട്ട് തേടുമെന്നും ഗവർണർ പറഞ്ഞു.
ഇതുവരെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണക്കടത്ത് നടക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിട്ടും ഇതുപോലെ ഗൗരവമുള്ള വിഷയത്തിൽ എന്തുകൊണ്ട് നടപടി എടുത്തില്ല. ആരാണ് സ്വർണം കടത്തുന്നതെന്നും ഇങ്ങനെ ലഭിക്കുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്നും സർക്കാരിന് അറിയാം. ഈ വിഷയത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചെന്ന കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയം രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിൽ ആരാണ് നടപടി സ്വീകരിക്കേണ്ടത്. മുഖ്യമന്ത്രിക്കാണ് ഈ വിവരങ്ങൾ ലഭിച്ചത്. അതിൽ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനാണ്. അതുകൊണ്ട്മാധ്യമങ്ങളോട് ഇക്കാര്യം പറയുകയല്ല വേണ്ടത്, മറിച്ച് നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഒരു സംസ്ഥാനത്ത് ഇത്രയും നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നെങ്കിൽ അത് ആരുടെ വീഴ്ചയാണെന്നും ഗവർണർ ചോദിച്ചു.
ഒരു ദേശീയ മാധ്യമത്തിനു മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. അഞ്ചുവർഷത്തിനിടെ മലപ്പുറത്ത് മാത്രം 150 കിലോ സ്വർണവും, 123 കോടിയുടെ ഹവാല പണവും പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപിച്ചത്. ഫോൺ ചോർത്തൽ വിഷയത്തിൽ സർക്കാരിനോട്റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.