മുംബൈ: മഹാരാഷ്ട്ര രത്നഗിരിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ 19 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നാലു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. ശീതള പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിന് ആദ്യം നല്കിയ മൊഴി. എന്നാൽ പിന്നീട് എന്തോ സ്പ്രേ ചെയ്ത് ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞു. മൊഴിയിലെ പൊരുത്തമില്ലായ്മ മുന്നോട്ടുള്ള അന്വേഷണത്തെ ബാധിക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു
പ്രാഥമിക പരിശോധനയില്‍ ശാരീരിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല യുവതിക്ക് അപസ്മാരം ബാധിച്ചതായും പോലീസ് പറഞ്ഞു. ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താത്കാലികമായി അടച്ചു.