കൊച്ചി∙ പണം ചോദിച്ച് തന്നെ ബ്ലാക്മെയിൽ ചെയ്തെന്ന് ആരോപിക്കാതെ തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ മുകേഷിനോട് പരാതിക്കാരിയായ നടി. അതിന്റെ ശബ്ദ സന്ദേശം അദ്ദേഹം പുറത്തുവിടട്ടെയെന്നും നടി പറഞ്ഞു. ബ്ലാക്മെയിൽ ചെയ്തുവെന്ന് ആരോപിക്കുന്നത് ഇരകളെ മാനസികമായി തളർത്താനാണ്. തനിക്ക്മോശം അനുഭവം ഉണ്ടായതിന്റെ തെളിവെല്ലാം പൊലീസിനു കൈമാറിക്കഴിഞ്ഞു. താൻ തെളിവുകൾ സൂക്ഷിച്ചുവച്ചിരുന്നതായും നടി മാധ്യമങ്ങളോടു പറഞ്ഞു.
പരാതിയിൽ പറയുന്നവർക്കെതിരെ കേസെടുത്തതിൽ സന്തോഷമുണ്ടെന്നും സർക്കാരിനോടു തന്റെ നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. ‘‘സിനിമാ മേഖലയിൽ ദുരന്തം അനുഭവിച്ച സ്ത്രീകളുണ്ട്. അവർക്കു നീതി കിട്ടുമെന്ന സന്ദേശമാണു സർക്കാരിൽനിന്ന് ഉണ്ടായത്. പൊലീസ് നടപടി വേഗത്തിലായത് ആശ്വാസമായി. നീതി കിട്ടുമെന്ന ബോധ്യം ഇരകൾക്കുണ്ടായി. സ്ത്രീകൾക്കു മാത്രമല്ല പുരുഷൻമാർക്കും നീതി ലഭിക്കുന്ന സാഹചര്യം വന്നു. സത്യസന്ധരായ ജനപ്രതിനിധികളെയാണു ജനങ്ങൾക്കു വേണ്ടത്. പൊയ്മുഖങ്ങളെയല്ല. മുകേഷിൽനിന്നു മോശമായ അനുഭവം ഉണ്ടായതിനുശേഷം ഞാൻ അയാളോട് മിണ്ടിയിട്ടില്ല. സംസാരിക്കാൻ തന്നെ അറപ്പായിരുന്നു. പിന്നീടു ഫോണിൽപോലും സംസാരിച്ചിട്ടില്ല.
സെക്രട്ടേറിയറ്റിൽവച്ചാണ് ആദ്യം ദുരനുഭവം ഉണ്ടായത്. പിന്നീട് കൊച്ചിയിൽവച്ചും പാലക്കാട് വച്ചും ദുരനുഭവം ഉണ്ടായി. തെളിവെടുപ്പിൽ കാര്യങ്ങൾ വിശദീകരിക്കാൻ കഴിയും. സിനിമയിൽ മോശമായ കാര്യങ്ങൾ നടക്കുന്നതായി ജനം അറിയണം. ഭീഷണി കാര്യമാക്കുന്നില്ല. ഏതു പ്രമുഖനായാലും പ്രശ്നമില്ല. നിയമപോരാട്ടത്തിനു തയാറാണ്. സത്യം കൂടെയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ഏഴുപേർക്കെതിരെയും രഹസ്യമൊഴി കൊടുക്കും. സിനിമയിൽ ശുദ്ധികലാശം ഉണ്ടാകട്ടെയെന്നും നടി പറഞ്ഞു.