കൊച്ചി∙: ഓടിക്കൊണ്ടിരുന്ന കെയുആർടിസി എസി ലോഫ്ലോർ ബസിന് തീപിടിച്ചു. തൊടുപുഴയ്ക്ക് പോകാനുള്ള ബസ് എറണാകുളം സ്റ്റാൻഡിൽനിന്ന് ചിറ്റൂർ റോഡ് വഴി എംജി റോഡിലേക്ക് കടക്കുന്നതിനു മുൻപായിരുന്നു തീപിടിത്തം. അധികം തിരക്കില്ലാത്ത റോഡ് ആയതിനാലും സമീപത്ത് പെട്രോൾ പമ്പോ, മറ്റു തീപിടിക്കുന്ന സംഭവങ്ങളോ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ബസ് ചിറ്റൂർ റോഡിൽ ഇയ്യാട്ടുമുക്ക് ജംക്ഷനിലേക്ക് എത്തിയതോടെ എൻജിൻ പെട്ടെന്ന് ഓഫാവുകയായിരുന്നു. തുടർന്ന് ഫയർ അലാം അടിക്കുകയും ചെയ്തതോടെ തീപിടിത്ത സാധ്യത ഡ്രൈവർക്കു മനസിലായി. അതോടൊപ്പം പിന്നാലെ വന്ന ബൈക്ക് യാത്രികൻ ബസിന്റെ പുറകിൽനിന്ന് പുക ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തിയതോടെ ബസ് നിർത്തി ഉടൻ യാത്രക്കാരെ വാതിലുകൾ വഴി വേഗം പുറത്തിറക്കുകയായിരുന്നെന്ന് കണ്ടക്ടർ രാജീവ് പറഞ്ഞു.
ഇതിനിടെ തീ ബസിന്റെ പിൻഭാഗത്ത് ആളിപ്പടർന്നു തുടങ്ങിയിരുന്നു. അപ്പോഴേക്കും മുഴുവൻ യാത്രികരേയും പുറത്തെത്തിക്കാനായതാണ് ആളപായമൊഴിവാകാൻ സഹായമായത്. ഡ്രൈവറും കണ്ടക്ടറും അടക്കം 28 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ തൊടുപുഴയ്ക്ക് കയറ്റിവിടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കടകളിലെ ചിലർക്ക് പുകയും മറ്റുമേറ്റ് ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
തീ ആളിപ്പടരുന്നത് തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കടവന്ത്രയിൽനിന്നു രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണ വിധേയമായത്. വാഹനത്തിന്റെ ഇന്ധന ടാങ്ക് ബസിന്റെ വശത്തുണ്ട്. എൻജിൻ പിൻഭാഗത്തുമാണ്. എന്നാൽ ഇവ വലിയൊരു പൊട്ടിത്തെറിയിലേക്ക് പോകുന്നതിനു മുൻപു തീയണയ്ക്കാൻ സാധിച്ചതിനാൽ കൂടുതൽ ദുരന്തം സംഭവിക്കുന്നത് ഒഴിവായി.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന് 4–5 വർഷം മാത്രം പഴക്കമേ ഉള്ളൂവെന്നും കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യുന്ന ബസാണെന്നും ബസ് ജീവനക്കാർ പറയുന്നു. ഇന്നു മൂന്നു ട്രിപ് നടത്തിയ ശേഷം നാലാമത്തെ ട്രിപ്പിലാണ് അപകടമുണ്ടായത്. അതുകൊണ്ടു തന്നെ വയറിങ് ഷോർട്ട് ആയതാവാം അപകടകാരണമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രാഥമിക നിഗമനം. കെഎസ്ആർടിസി, മോട്ടർ വാഹന വകുപ്പ്, പൊലീസ് ഇവരുടെ വിശദമായ പരിശോധനയിൽ മാത്രമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാവുകയുള്ളൂ. തീപിടിത്തത്തിൽ ബസിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു.