കൊല്ലം∙ ബിഎസ്എൻഎൽ മുൻ അസി. ജനറൽ മാനേജർ സി. പാപ്പച്ചനെ (82) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയും മുൻ ബാങ്ക് മാനേജരുമായ സരിതയാണ് തട്ടിപ്പ് മുഴുവനായും ആസൂത്രണം ചെയ്തതെന്ന് പൊലീസ്. പാപ്പച്ചന് ഇടയ്ക്കുണ്ടാകുന്ന മറവിയാണ് സരിത മുതലെടുത്തത്. കൂടാതെ പാപ്പച്ചന്റെ സഹായിയും കേസിലെ നാലാം പ്രതിയുമായ അനൂപിനെ മുന്നിൽ നിർത്തിയാണ് സരിത പദ്ധതികൾ ആസൂത്രണം ചെയ്തത്.
പണമിടപാടിൽ കണിശക്കാരനായിരുന്ന പാപ്പച്ചൻ ഇടപാടുകളുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരിച്ചിരുന്നത് സരിതയോടായിരുന്നു. അതിൽനിന്ന് പാപ്പച്ചന് മറവിയുണ്ടെന്ന് സരിതയ്ക്ക് മനസിലായി. ഇതോടെയാണ് പണം തട്ടാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ഒരു കുറ്റബോധവും ഇതുവരെ സരിത പ്രകടിപ്പിച്ചിട്ടില്ല. അപകടത്തെ തുടർന്ന് പാപ്പച്ചന്റെ മകൾക്കുണ്ടായ സംശയമാണ് പൊലീസ് അന്വേഷണത്തിനിടയാക്കിയത്.
ഇടപാടുകളിൽ ബാങ്ക് ജീവനക്കാരൻ അനൂപിനെ മുന്നിൽനിർത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. പാപ്പച്ചന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അനൂപ്. പാപ്പച്ചനെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നതും അനൂപാണ്. അവസാനം, ക്വട്ടേഷൻ സംഘത്തിന്റെ വാഹനത്തിനു മുന്നിലേക്ക് പാപ്പച്ചനെ എത്തിശേഷം അനൂപ് കടന്നു കളയുകയാണുണ്ടായത്. അനൂപ് നാലാം പ്രതിയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കാർ ഓടിച്ച അനിമോൻ ഒന്നാം പ്രതിയും സഹായി മാഹിൻ രണ്ടാം പ്രതിയുമാണ്. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
തട്ടിപ്പ് ആസൂത്രണം ചെയ്തെങ്കിലും സരിതയിൽനിന്ന് വലിയ തുക ക്വട്ടേഷൻ സംഘം കൈക്കലാക്കിയെന്നാണ് പൊലീസ് പറയുന്നത്. പാപ്പച്ചന്റെ പക്കൽ നിന്നു തട്ടിയെടുത്ത പണം കുറെ സരിത ചെലവഴിച്ചു. അതിനിടെ ക്വട്ടേഷൻ സംഘം സരിതയെ ഭീഷണിപ്പെടുത്തി 19 ലക്ഷം രൂപ കൈക്കലാക്കിയെന്ന് പൊലീസ് പറഞ്ഞു. ബാക്കി തുക പകുതിയോളം അനൂപിനു നൽകിയെന്നാണ് പറയുന്നത്. കേസിലെ മൂന്നാം പ്രതി സരിതയുടെ ലാപ്ടോപ്പും കൊലപാതക സമയത്ത് ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ ബന്ധു വീട്ടിൽ നിന്നാണ് അന്വേഷണ സംഘം കേസിലെ നിർണായക തെളിവായ ലാപ്ടോപ്പും ഫോണും പിടിച്ചെടുത്തത്.