കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിയിറക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി അജ്മലിനെതിരെ തിരിഞ്ഞ് കൂട്ടുപ്രതി. തെറ്റല്ലാം അജമലിന്റെ ഭാഗത്താണെന്നാണ് കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. കാറിനടിയിൽ സ്കൂട്ടർ യാത്രക്കാരിയുള്ള കാര്യം തനിക്കറിയില്ലായിരുന്നെന്നും കാർ ദേഹത്തുകൂടെ കയറ്റിയിറക്കാൻ പറഞ്ഞിട്ടില്ലെന്നും ഇവർ പോലീസിനു മൊഴി നൽകി. താൻ കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു എന്നത് തന്നെ കുരുക്കി അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ്.
കൂടാതെ തന്നെ അജ്മൽ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതാണെന്നും തന്റെ സ്വർണാഭരണങ്ങളും പണവും അജ്മൽ കൈക്കലാക്കിയെന്നും ശ്രീക്കുട്ടി മൊഴി നൽകിയിട്ടുണ്ട്.
സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം യാത്രക്കാരി കാറിനടിയിൽ കുടുങ്ങിയതായി തനിക്ക് അറിയില്ലായിരുന്നു. കാർ മുന്നോട്ടെടുക്കാനും അജ്മലിനോട് ആവശ്യപ്പെട്ടിട്ടില്ല. ആറുമാസത്തിനിടെ തന്റെ സ്വർണാഭരണങ്ങളും 20 ലക്ഷത്തോളം രൂപയും അജ്മൽ കൈക്കലാക്കിയിരുന്നു. ഇത് തിരികെവാങ്ങാനായാണ് അജ്മലിനൊപ്പംനിന്നത്.
കൂടാതെ ഇയാൾ പലതവണ നിർബന്ധിച്ച് തനിക്ക്ലഹരി നൽകിട്ടുണ്ട്. അപകടത്തിൽ തന്റെ ഭാഗത്തുനിന്ന് ഒരു കുറ്റവും സംഭവിച്ചിട്ടില്ല. സംഭവദിവസം സുഹൃത്തിന്റെ വീട്ടിൽവെച്ച് അജ്മൽ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
മൈനാഗപ്പള്ളി അപകടത്തിൽ പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും രണ്ടുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽവിട്ടത്. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഇരുവരെയും ചോദ്യംചെയ്യും.
കഴിഞ്ഞദിവസം ആനൂർക്കാവിലെ അപകടസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയെങ്കിലും ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യുമെന്ന അവസ്ഥയിലായിരുന്നു. അതിനാൽ പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കാൻപോലും കഴിഞ്ഞില്ല. അതിനിടെ, ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽമുറിയിലും ചില വീടുകളിലും തെളിവെടുപ്പ് നടത്തി. ഹോട്ടൽമുറിയിലെ തെളിവെടുപ്പിൽ മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന പ്രത്യേക ട്യൂബും പോലീസ് കണ്ടെടുത്തിരുന്നു.